നഷ്ടപ്രതാപം വീണ്ടെടുത്ത് വാണിയംകുളം ചന്ത
1301539
Saturday, June 10, 2023 12:42 AM IST
ഷൊർണൂർ: ചന്ത വിപണി ഉഷാർ.നഷ്ടപ്രതാപം വീണ്ടെടുത്ത വാണിയംകുളം കന്നുകാലിച്ച ന്തയിൽ കോടികളുടെ വിൽപ്പന. കോവിഡ്കാല പ്രതിസന്ധിയിൽ വട്ടം തിരിഞ്ഞ് അടച്ചുപൂട്ടിയ ചന്ത വിപണി സമീപകാലത്താണ് കച്ചവട സജീവതയിലേക്ക് കരകയറിയത്.
ഇപ്പോൾ ചന്തയിൽ വലിയ രീതിയിലുള്ള കന്നുകാലി വ്യാപാരമാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒരുകോടി രൂപയ്ക്കടുത്തുള്ള കച്ചവടമാണ് ചന്തയിൽ നടന്നത്. മികച്ച വ്യാപാരമാണ് പുതിയ വർഷത്തിലെന്നാണ് കച്ചവടക്കാരുടെയും സാക്ഷ്യപത്രം.
വാണിയംകുളം പഞ്ചായത്തിനു കീഴിലെ പ്രതിവാര ചന്തയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വൻതുകയുടെ കച്ചവടമാണ് നടന്നത്. ചന്തയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 60 ലോഡ് കന്നുകാലികളെയാണ് കഴിഞ്ഞ ദിവസം മാത്രം കച്ചവടത്തിനായി എത്തിച്ചിരുന്നത്. തമിഴ്നാട്, ആന്ധ്ര, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നായിരുന്നു കന്നുകാലികളുടെ വരവ്.
ഇതിനു പുറമേ, നാടൻ കന്നുകളെയും വിൽപനയ്ക്ക് എത്തിച്ചിരുന്നു. വിവിധ ജില്ലകളിൽനിന്നു നൂറുകണക്കിനു വ്യാപാരികളാണ് ഇപ്പോൾ കച്ചവടത്തിൽ പങ്കാളികളാകാൻ എത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, ചന്തയ്ക്കുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ അധികൃതർ അലംഭാവവും തുടരുകയാണ്. ചെളിയും മൂത്രവും ചാണകവും നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്ന സ്ഥിതിയിലാണ് ചന്തയുടെ ഉൾവശം.
ചന്തക്കുള്ളിലെ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. മഴ പെയ്താൽ ചെളിക്കുളമാകാറുള്ള ചന്തയിലേക്കു സമീപത്തെ ഉയർന്ന പ്രദേശത്തു നിന്നു മണ്ണ് ഒലിച്ചെത്തി എല്ലാ വർഷവും ദുരിതങ്ങൾ സൃഷ്ടിക്കാറുമുണ്ട്.
ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കന്നുകാലി കച്ചവടക്കാരുടെ ആവശ്യം ഗ്രാമപഞ്ചായത്ത് പരിഹരിക്കുന്നില്ല. വളരെ ബുദ്ധിമുട്ടിയാണ് ചന്തയിൽ കന്നുകാലികളെ ഇറക്കുന്നത്.
കാലുകൾ ചെളിയിലേക്ക് താഴ്ന്നു പോകുന്നത് അവഗണിച്ചാണ് ഇവിടെ കന്നുകാലികളും മനുഷ്യരും ഒരുപോലെ ദുരിതം നേരിടുന്നത്.