നാളികേരം മുളച്ചു നശിക്കുന്നു: കൈമലർത്തി സർക്കാർ
1301229
Friday, June 9, 2023 12:32 AM IST
വടക്കഞ്ചേരി: തമിഴ്നാട്ടിലേക്കും നാളികേരം കയറ്റിപ്പോകുന്നില്ല. മഴ ആരംഭിച്ചതോടെ നാട്ടിലും നാളികേരത്തിന് ആവശ്യക്കാരില്ല. ഇതിനാൽ തോട്ടങ്ങളിൽ നാളികേരം മുളച്ചു നശിക്കുകയാണ്. നാളികേര ഉൽപാദനം കൂടുതലുണ്ടാകുന്ന സീസണിലാണ് ഈ ദുരിത കാഴ്ച.
സംസ്ഥാന സർക്കാരോ കൃഷി വകുപ്പോ കർഷകരുടെ രക്ഷക്കില്ല. മുൻവർഷങ്ങളിൽ കാലവർഷത്തിനു മുന്പ് കുറഞ്ഞ വിലക്കാണെങ്കിലും നാളികേരമെല്ലാം തമിഴ്നാട് കാങ്കയത്തേക്ക് കയറ്റിപ്പോയിരുന്നു.
ഇപ്പോൾ അവർക്കും നാളികേരം വേണ്ടാതായെന്നാണ് കച്ചടക്കാർ പറയുന്നത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നാളികേര ഉൽപാദനം കൂടിയതും കർഷകർക്ക് തിരിച്ചടിയായി.
കിലോക്ക് 32 രൂപ സർക്കാർ പ്രഖ്യാപിച്ച തറവിലയുള്ളപ്പോൾ കർഷകരിൽ നിന്നും ഇവിടുത്തെ മില്ലുകാർ വല്ലപ്പോഴും നാളികേരം എടുക്കുന്നത് 18 രൂപക്കും 19 രൂപക്കുമൊക്കെയാണ്.
നാളികേരം ഇടാനും പെറുക്കി കൂട്ടാനും പൊളിക്കാനുമുള്ള കൂലി കാശ് പോലും കിട്ടാത്ത വിലയാണ് ഇതെന്നാണ് കേരകർഷകർ പറയുന്നത്.
കൊട്ടിഘോഷിച്ച് കഴിഞ്ഞ ജൂണിലാണ് കേരഫെഡ് വഴി സർക്കാർ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചത്.
എന്നാൽ നാളികേരം സംഭരിച്ചിരുന്ന വിഎഫ്പിസികെയുടെ സ്വാശ്രയ കർഷക സമിതികൾക്ക് കൈകാര്യ ചെലവ് നല്കാതെ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ സമിതികൾ നാളികേര സംഭരണം നിർത്തി. ജില്ലയിലെ 15 കേന്ദ്രങ്ങളിലായിരുന്നു സംഭരണം. വടക്കഞ്ചേരി പാളയത്ത് പ്രവർത്തിക്കുന്ന കിഴക്കഞ്ചേരി സ്വാശ്രയ കർഷക സമിതിക്ക് തന്നെ കൈകാര്യ ചെലവ് ഇനത്തിൽ രണ്ടു ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്ന് സമിതി പ്രസിഡന്റ് പൗലോസ് ജോണ് പറഞ്ഞു.
കർഷകർ നാളികേരം കൊണ്ടുവന്നാൽ അത് തരംതിരിച്ച് ചാക്കിലാക്കുന്നതും ലോറിയിൽ കയറ്റി തൂക്കവും മറ്റു കണക്കുകളുമെല്ലാം കൈകാര്യം ചെയ്യേണ്ടത് സമിതികളായിരുന്നു. ഇതിനായി മാത്രം രണ്ട് പേരെ ചുമതലപ്പെടുത്തേണ്ട സ്ഥിതിയും സമിതികൾക്കുണ്ടായി. ഇത് സമിതികൾക്കും അധിക ബാധ്യതയുണ്ടാക്കി.
കേര ഫെഡാണ് സ്വാശ്രയ കർഷകസമിതികൾക്ക് സംഭരണത്തിന്റെ കൈകാര്യ ചെലവ് നൽകേണ്ടത്. എന്നാൽ കേരഫെഡ് പറയുന്നത് സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്നില്ല എന്നാണ്.
കൊട്ടിഘോഷിച്ച് പ്രഖ്യാപനങ്ങൾ നടത്തുന്ന സർക്കാർ സംഭരണം തുടർന്നുകൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കാത്തത് കേര കർഷകരെ വെട്ടിലാക്കി.
നാളികേര സംഭരണം തന്നെ കർഷകരെ അപമാനിക്കുന്ന വിധമായിരുന്നു. ഒരു തെങ്ങിൽ നിന്നും വർഷത്തിൽ 50 നാളികേരം മാത്രമാണ് തറ വിലയായ 32 രൂപക്ക് എടുത്തിരുന്നത്.
ഇതുതന്നെ ആറു തവണയായി നൽകണം. ഒരു തെങ്ങിൽ നിന്നു തന്നെ വർഷത്തിൽ 200 ൽ കൂടുതൽ നാളികേരം വരെ ഉണ്ടാകുന്പോഴാണ് കർഷകരെ ഈ വിധം അവഗണിച്ചിരുന്നത്.