ആളിയാർ വെള്ളം ലഭിക്കുന്നില്ല; കർഷകർ സമരത്തിന്
1300941
Thursday, June 8, 2023 12:26 AM IST
പാലക്കാട്: പറന്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്ന് കൃഷിക്കാവശ്യമായ വെള്ളം കിട്ടാത്തതിനെതിരെ കർഷകർ അനിശ്ചിത കാല സമരത്തിലേക്ക്. വെള്ളം കിട്ടാത്തത് മൂലം ചിറ്റൂർ മേഖലയിലെ 45000 ഏക്കർ സ്ഥലത്ത് കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കിയെന്ന് പറന്പിക്കുളം ആളിയാർ ജല സംരക്ഷണ സമിതി ജനറൽ കണ്വീനർ മുതലാംതോട് മണി പത്ര സമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുന്പോൾ നടത്തിയ വാഗ്ദാനങ്ങളെല്ലാം ഭരണത്തിലേറിയപ്പോൾ ഇടതുമുന്നണി ലംഘിച്ചു. ചിറ്റൂർ മേഖലയിലെ ഒന്നാം വിള കൃഷിയിറക്കലിന് പറന്പിക്കുളം-ആളിയാർ പദ്ധതിയിൽ നിന്ന് മേയ് 15 മുതൽ വെളളം ലഭിക്കുമെന്നായിരുന്നു മന്ത്രി കൃഷ്ണൻ കുട്ടി പ്രഖ്യാപിച്ചത്. പ്രഖ്യാപനം നടത്തി 20 ദിവസം കഴിഞ്ഞിട്ടും കൃഷിക്കാവശ്യമായ വെളളം കിട്ടിയിട്ടില്ല. ചിറ്റൂർ മേഖലക്ക് ആവശ്യമായ വെള്ളം പറന്പിക്കുളം-ആളിയാർ പദ്ധതിയിലുണ്ടെങ്കിലും സംസ്ഥാന സർക്കാർ യഥാസമയം കൃത്യമായ ഇടപെടൽ നടത്തുന്നില്ല.
20 ദിവസം മുന്പ് ജലലഭ്യത ഉറപ്പ് നൽകിയ മന്ത്രി നിലവിൽ കർഷകരെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജലലഭ്യതക്കായി 2003 ലെ സമരത്തിൽ നിലവിലെ മന്ത്രി കെ. കൃഷ്ണൻകുട്ടിയുൾപ്പടെ ഇടതു നേതാക്കൾ കർഷകർക്ക് നിരവധി വാഗ്ദാനങ്ങളാണ് നടത്തിയത്. പറന്പിക്കുളം-ആളിയാർ പദ്ധതി കരാർ പുതുക്കി കർഷകരെ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം.
20 വർഷം കഴിഞ്ഞിട്ടും ഇടതുമുന്നണിക്ക് ഭരണവും തുടർഭരണവും കിട്ടിയിട്ടും വാഗ്ദാനം നടപ്പിലാക്കാനായില്ല. ഇടതുമുന്നണിയുടെയോ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കൃഷ്ണൻ കുട്ടിയുടെയോ വാക്കുകൾ വിശ്വാസ യോഗ്യമല്ല. കൃഷിക്കാവശ്യമായ വെളളം കിട്ടിയില്ലെങ്കിൽ ചിറ്റൂരിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും മുതലാംതോട് മണി പറഞ്ഞു. എ.കെ. ഓമനക്കുട്ടൻ, പി.ആർ. ഭാസ്കരദാസ്, കെ. ദേവദാസൻ, എസ്. അതിരഥൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.