താലൂക്ക് ആശുപത്രിയിൽ നേത്രചികിത്സാ വിഭാഗം ഉടൻ തുടങ്ങും
1300709
Wednesday, June 7, 2023 12:36 AM IST
ഒറ്റപ്പാലം:താലൂക്ക് ആശുപത്രിയിൽ നേത്രചികിത്സാ വിഭാഗം ഉടൻ പ്രവർത്തനം തുടങ്ങാൻ തീരുമാനം. ചികിത്സാ വിഭാഗം കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. അത്യന്താധുനിക രീതിയിലുള്ള ചികിത്സാ വിഭാഗം കെട്ടിടമാണ് നിർമാണം പൂർത്തിയാക്കിയത്. ഡിഎംഒയുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനാണ് തീരുമാനം.
അതേസമയം താലൂക്ക് ആശുപത്രിയിൽ വരുന്നവർ റോഡരികിൽ നിർത്തിയിടുന്ന വാഹന പാർക്കിംഗ് സംബന്ധിച്ച പ്രശ്നം പരിഹരിക്കാൻ ഇനിയും നടപടികൾ ആയില്ല. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസനസമിതി യോഗത്തിലും പാർക്കിംഗ് സ്ഥലമൊരുക്കുന്നതിനെച്ചൊല്ലി വാദപ്രതിവാദങ്ങൾ ഉയർന്നിരുന്നു.
താലൂക്ക് വികസനസമിതിയിൽ മൂന്നുമാസമായി വാഹന പാർക്കിംഗ് സംബന്ധിച്ച് വിഷയം ഉന്നയിക്കുന്നുവെന്നും നടപടിയായിട്ടില്ലെന്നും വിമർശനമുയർന്നിരുന്നു. പാർക്കിംഗ് സൗകര്യമൊരുക്കാൻ ആശുപത്രി അധികൃതർക്ക് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്.
എന്നാൽ, ആശുപത്രിക്ക് മണ്ണ് നീക്കം ചെയ്യാൻ പറ്റില്ലെന്ന സാങ്കേതിക പ്രശ്നം ഉയർന്നുവന്നിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിനോട് മണ്‍തിട്ട നീക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇതിനു വേണ്ടിവരുന്ന ഫണ്ടിന്റെ കാര്യം എന്തുചെയ്യുമെന്ന മറുചോദ്യമാണ് പൊതുമരാമത്ത് അധികൃതർ ഉന്നയിച്ചത്. ഇത് സംബന്ധിച്ച് എക്സി. എൻജിനീയർക്ക് റിപ്പോർട്ട് നല്‍കാനും ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനും താലൂക്ക് വികസനസമിതി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.