‘കർഷക അവകാശങ്ങൾ ചുവപ്പുനാടയിൽ ഒടുങ്ങരുത് ' കിഫ അതിജീവനം കർഷക സെമിനാർ
1299930
Sunday, June 4, 2023 7:12 AM IST
പാലക്കാട്: ധോണി ലീഡ് കോളജിൽ കിഫയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കർഷക സെമിനാറിൽ ജില്ലയിലെ എല്ലാ പഞ്ചായത്തിൽ നിന്നും കിഫ പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിലെ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളും, പ്രതിവിധികളും ചർച്ച ചെയ്യപ്പെട്ട സെമിനാറിൽ, കർഷകൻ അനുഭവിക്കുന്ന അവകാശ ലംഘനങ്ങൾ അക്കമിട്ട് നിരത്തി.
കർഷകന് ഭരണഘടന നല്കുന്ന അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ കർഷകർ നിയമത്തെക്കുറിച്ച് അറിവുള്ളവരാകണം. ഭരണഘടന വിഭാവനം ചെയുന്ന ജീവനും, സ്വത്തിനുമുള്ള സംരക്ഷണം നേടിയെടുക്കാൻ ആവശ്യമായ നിയമ നടപടികളെക്കുറിച്ച് അംഗങ്ങൾക്ക് അറിവ് നല്‍കുന്നതായിരുന്നു അതിജീവനം സെമിനാർ.
പരിസ്ഥിതി സംരക്ഷകകരായ കർഷകർക്ക് അർഹമായ അംഗീകാരവും, ആനുകൂല്യങ്ങളും ലഭിക്കണം എന്ന് കർഷക സെമിനാർ ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഒഴുകിയെത്തുന്ന കോടികളിൽ ഒരു രൂപ പോലും ഇന്ന് കർഷകന് കിട്ടുന്നില്ല. അന്താരാഷ്ട്ര തലത്തിൽ കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനു വേണ്ടി ലഭിക്കുന്ന ഫണ്ടുകൾ, ഈ മേഖലയിൽ ഏറ്റവും വലിയ സംഭാവന ചെയ്യുന്ന കർഷകരിൽ എത്തുന്നില്ല.
കാർബണ്‍ ക്രെഡിറ്റ് മാർക്കറ്റിന്റെ സാധ്യതകൾ സർക്കാരുകൾ കർഷകർക്കുവേണ്ടി പ്രയോജനപ്പെടുത്തണം. കർഷകന്റെ കൃഷിസ്ഥലത്തെ ജൈവ വൈവിധ്യവും, കൃഷിഭൂമിയും ആഗിരണം ചെയ്യുന്ന ഹരിതഗ്രഹ വാതകങ്ങളുടെ തോത് അനുസരിച്ച് കാർബണ്‍ ക്രെഡിറ്റിന്റെ ആനുകൂല്യം കർഷകർക്ക് നല്കുവാൻ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ മുൻകൈ എടുക്കണം എന്ന് കർഷക സെമിനാർ ആവശ്യപ്പെട്ടു.
തീവ്ര പരിസ്ഥിതി സ്നേഹത്തിന്റെയും, വന്യമൃഗ സ്നേഹത്തിന്റെയും പേരിൽ കേരളത്തിലെ കർഷകർ അനുഭവിക്കേണ്ടി വരുന്ന യാതനകൾ ഭരണകൂടവും, നീതി പീഠങ്ങളും കണ്ടില്ല എന്ന് നടിക്കുന്നതും, ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ കക്ഷികൾ നിശബ്ദത പാലിക്കുന്നതും അപലപനീയമാണെന്ന് കിഫ പ്രതിനിധികൾ പറഞ്ഞു. അരിക്കൊന്പൻ ഫാൻസിന്റെ അല്ല, നാടിനെ അന്നമൂട്ടുന്നവന്റെ നിലനില്പിനാണ് ഭരണസംവിധാനങ്ങൾ പ്രാധാന്യം നല്‍കേണ്ടതെന്നും സെമിനാർ ആവശ്യപ്പെട്ടു.
കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ, ഫാ. സജി വട്ടുകളത്തിൽ, പ്രവീണ്‍ ജോർജ്, ഡോ. തോമസ് ജോർജ്, സണ്ണി കിഴക്കേക്കര, ഡോ. സിബി സക്കറിയ, അബ്ബാസ് ഒറവൻചിറ എന്നിവർ അതിജീവനം കർഷക സെമിനാറിന് നേതൃത്വം നല്കി.