പോലീസ് സേനയിലെ മാസ്റ്റർ മൈൻഡ്; കണ്ണന്പ്രക്ക് അഭിമാനമായി എസ്. ശശിധരൻ ഐപിഎസ്
1299927
Sunday, June 4, 2023 7:12 AM IST
വടക്കഞ്ചേരി: കേരള പോലീസിന്റെ മാസ്റ്റർ മൈൻഡ് എന്ന വിശേഷണം നേടി പോലീസ് സേനക്ക് അഭിമാനമായി മാറിയ എസ്.ശശിധരൻ ഐപിഎസിനെ അനുമോദിക്കാനുള്ള ഒരുക്കത്തിലാണ് കണ്ണന്പ്ര കാരപ്പൊറ്റ ഗ്രാമം. ആദരപൂർവം കണ്ണന്പ്ര എന്ന സാംസ്ക്കാരിക പരിപാടിയിലാണ് ജന്മനാടിന്റെ ആദരം ഒരുക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റും പരിപാടിയുടെ കോ- ഓർഡിനേറ്ററുമായ സുരേഷ് പുളിക്കൽ പറഞ്ഞു.
കണ്ണന്പ്ര കാരപ്പൊറ്റ പടിഞ്ഞാമുറി സ്വദേശിയായ ശശിധരൻ ഐ പി എസ്, കൊച്ചിയിൽ പോലീസ് ഡെപ്യൂട്ടി കമ്മീഷണറായി ജോലിചെയ്യുകയാണിപ്പോൾ. നാഷണൽ പോലീസ് അക്കാദമിയുടെ 44മത് ഐടിസിയിൽ രണ്ടാം റാങ്കും ശശിധരൻ കരസ്ഥമാക്കിയിട്ടുണ്ട്. ഹൈദരാബാദ് പോലീസ് അക്കാദമി കാന്പസിൽ രണ്ടുമാസത്തെ ട്രെയിനിംഗാണിത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഐപിഎസ് നേടിയ ഉദ്യോഗസ്ഥരെയാണ് ട്രെയിനിംഗിന് തെരഞ്ഞെടുക്കുക. ട്രെയിനിംഗ് കാലയളവിലെ ഓവറോൾ പെർഫോമൻസിലായിരുന്നു ശശിധരൻ മുന്നിലെത്തിയത്. പ്രമാദമായ നിരവധി കേസുകൾ തന്റേതായ അന്വേഷണ മികവുകളിൽ ശശിധരൻ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം കേരളത്തെ ഞെട്ടിച്ച നരബലി കേസ് ഉൾപ്പെടെ ഇദ്ദേഹത്തിന്റെ അന്വേഷണ വഴികൾ ഇന്ന് പോലീസ് അക്കാദമിയിലും പഠന വിഷയമാണ്. നേരത്തെ യുഎന്നിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതിന്റെ ഭാഗമായി രണ്ടുവർഷം സുഡാനിലും യുഎൻ ഫോഴ്സിനുവേണ്ടി ശശിധരൻ സേവനം ചെയ്തിട്ടുണ്ട്.
കണ്ണന്പ്ര കാരപ്പൊറ്റ പടിഞ്ഞാമുറിയിൽ സാധാരണ കുടുംബത്തിൽ ജനിച്ച ശശിധരൻ സ്വന്തം കഴിവുകൊണ്ട് പോലീസ് സേനയുടെ ഉയരങ്ങളിൽ എത്തുന്പോൾ കാരപ്പൊറ്റ ഗ്രാമവും ഏറെ സന്തോഷത്തിലാണ്.
ലളിതമായ ജീവിതശൈലി, സൗമ്യമായ പെരുമാറ്റം ശശിധരനെക്കുറിച്ച് പറയാൻ നാട്ടുകാർക്കും നല്ലത് മാത്രം. ജോലിയിലെ ആത്മാർഥതയും കഠിനാധ്വാനവുമാണ് ഉയരങ്ങളിലേക്കുള്ള ശശിധരന്റെ കുറുക്കുവഴികൾ. കൃഷിയിൽ വലിയ താല്പര്യമുള്ള ഈ പോലീസ് ഉദ്യോഗസ്ഥൻ ഒഴിവു കിട്ടുന്പോഴൊക്കെ നാട്ടിലെത്തി കർഷക വേഷവുമണിയും.