കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്
1299620
Saturday, June 3, 2023 12:22 AM IST
നെന്മാറ: ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് വരുന്ന യുവാവിനെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 9.30 ന് നെന്മാറ അടിപ്പരണ്ട റോഡിൽ ഏന്തൻപാത ഇറക്കത്തിലാണ് ഒലിപ്പാറ സ്വദേശി ഷെഫീഖ് (32 ) കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്.
ടെന്പോ ട്രാവലർ ഡ്രൈവറായ ഷെഫീക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി പന്നിക്കൂട്ടത്തെ കണ്ട് വാഹനം നിർത്തിയെങ്കിലും പിന്നിൽ നിന്ന് കാട്ടുപന്നികൾ ആക്രമിക്കുകയായിരുന്നു. വീഴ്ചയിൽ വലതുകാൽ മുട്ടിന് സാരമായ പരിക്കേറ്റു.
ബഹളം കേട്ട് പ്രദേശത്തുള്ളവരും വഴിയാത്രക്കാരും ഷെഫീക്കിനെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർ ചികിത്സയ്ക്കായി നെന്മാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസിനെ അറിയിച്ചെങ്കിലും പന്നി ഇടിച്ചതിനെ തുടർന്നുള്ള അപകടത്തിൽ പോലീസ് കേസെടുത്തില്ല.
നെന്മാറ ഡിഎഫ്ഒ ഓഫീസിലെത്തി ഷെഫീക്കിന്റെ വീട്ടുകാർ ചികിത്സ സാന്പത്തിക ചെലവിനായി സമീപിച്ചെങ്കിലും പോലീസ് എഫ്ഐആർ സഹിതം ഓണ്‍ലൈനായി 15 ദിവസത്തിനകം അപേക്ഷ നൽകാൻ പറഞ്ഞ് തിരിച്ചയച്ചതായി പരാതിയും ഉയർന്നു.
നെന്മാറ ടൗണിൽ നിന്ന് ഒന്നര കിലോ മീറ്റർ അകലെ നിരന്തരം വാഹനം സഞ്ചാരമുള്ള ഏന്തൻപാതയിൽ കാട്ടുപന്നികളുടെ ആക്രമണം ഉണ്ടായത് പ്രദേശവാസികൾക്ക് ഭീഷണിയായി.