സ്കൂൾ കെട്ടിടം ഫിറ്റ്നസ് നടപടി ഉടൻ പൂർത്തിയാക്കണമെന്നു കളക്ടർ
1298764
Wednesday, May 31, 2023 4:14 AM IST
പാലക്കാട്: ജില്ലയിലെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാത്ത സ്കൂളുകൾ രണ്ട് ദിവസത്തിനുള്ളിൽ ഫിറ്റ്നസ് ഉറപ്പാക്കാനുളള നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലയിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ.എസ്. ചിത്രയുടെ നേതൃത്വത്തിൽ ചേംബറിൽ ചേർന്ന അവലോകനയോഗത്തിലാണ് നിർദ്ദേശം മുന്നോട്ടുവച്ചത്.
ജൂണ് അഞ്ചിന് സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും സ്കൂളിനോട് ചേർന്നുള്ള പൊതുസ്ഥലങ്ങൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി ചെടികൾ വച്ച് സംരക്ഷിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.അതിനായി സ്കൂളുകളിൽ ഹരിത സഭ ഉണ്ടാവണം.
ജൂണ് അഞ്ചിന് മുന്പ് എല്ലാ സ്കൂളുകളിലും ഹരിത കർമസേനകളുടെ പ്രവർത്തനം തുടങ്ങണം. ഹരിതകർമസേനയുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്കൂളുകൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
സ്കൂളുകളിൽ ഇഴജന്തുക്കളുടെ പ്രശ്നം ഉണ്ടാകുന്നതിനുള്ള സാധ്യതകൾ ഇല്ലെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം. കൂടാതെ സ്കൂൾ പരിസരങ്ങളിലെ വന്യമൃഗശല്യം, തെരുവുനായ പ്രശ്നം എന്നിവ പഞ്ചായത്തിന്റെയും ഡിഎഫ്ഒയുടേയും ശ്രദ്ധയിൽ കൊണ്ടുവരണം. അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
അപകടകാരികളായി നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ അടിയന്തിരമായി സ്കൂൾ പരിസരത്ത് ഉണ്ടെങ്കിൽ മുറിക്കാൻ നടപടികൾ ഉണ്ടാവണം.
വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. ലഹരിക്കെതിരെ സ്്കൂളുകളിൽ ജാഗ്രതാ സമിതികൾ കൃത്യമായി ചേരണം. സ്കൂളിന് പരിസരങ്ങളിലുള്ള കടകളിൽ പോലീസ്, എക്സൈസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തണം. സ്കൂളിന്റെ നിശ്ചിത പരിധിയിൽ ലഹരി വിൽപ്പന ഇല്ലെന്ന് ഉറപ്പു വരുത്താൻ കഴിയണം.
ഉപജില്ല, ജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ പരമാവധി സ്കൂളുകളിൽ നേരിട്ടെത്തി മുന്നൊരുക്ക പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എ. ഷാബിറ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ്കുമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.