മഴക്കാല മുന്നൊരുക്കം ഊർജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ
1298762
Wednesday, May 31, 2023 4:13 AM IST
പാലക്കാട്: മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകൾ നിർവഹിക്കേണ്ട ചുമതലകൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര.
ദുരന്ത സാധ്യതകൾ കുറക്കുന്നതിനായി ജില്ലയിൽ നടപ്പാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമായി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
വളരെ അപകടാവസ്ഥയിൽ നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റാനും സ്കൂളുകളിൽ അപകടകരമായ മരച്ചില്ലകൾ ഉണ്ടെങ്കിൽ നടപടിക്രമത്തിന് കാത്തുനിൽക്കാതെ പെട്ടെന്ന് മുറിച്ചുമാറ്റാനുള്ള കാര്യങ്ങൾ വേഗത്തിലാക്കാനും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നഗരസഭാ പരിധിയിലെ സ്കൂളുകളിലെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാൻ ബന്ധപ്പെട്ട എഇമാർക്ക് നിർദേശം നൽകണമെന്ന് കളക്ടർ നഗരസഭാ സെക്രട്ടറിമാരോടു നിർദേശിച്ചു.
തുറന്നുകിടക്കുന്ന ഓടകളും അഴുക്കുചാലുകളും അടക്കാൻ നടപടികൾ സ്വീകരിക്കണം. നെല്ലിയാന്പതിയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്തെ ആളുകളുടെ പട്ടിക തയാറാക്കി ഏറ്റവും അടുത്തുള്ള ദുരിതാശ്വാസ ക്യാന്പ് കണ്ടെത്താൻ നിർദേശിച്ചു.
അത്യാവശ്യം വന്നാൽ ഇവരെ പെട്ടെന്ന് മാറ്റി പാർപ്പിക്കുന്നതിനും വെള്ളം, വൈദ്യുതി, റേഷൻ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും നെന്മാറ ഫോറസ്റ്റ് ഡിവിഷനും തഹസിൽദാർക്കും ജില്ലാ കളക്ടർ നിർദേശം നൽകി.വനഭൂമിയിൽ ക്യാന്പ് ഒരുക്കേണ്ട സാഹചര്യമുണ്ടായാൽ വനംവകുപ്പ് ക്യാന്പ് കണ്ടെത്തി ആളുകളെ മാറ്റി പാർപ്പിക്കണമെന്ന് എഡിഎം കെ. മണികണ്ഠൻ നിർദേശിച്ചു.
പുഴയിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ബോധവത്ക്കരണ ബോർഡുകൾ സ്ഥാപിക്കണമെന്നും എഡിഎം നിർദേശം നൽകി. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.
രണ്ടുദിവസം തുടർച്ചയായി മഴയുണ്ടെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിക്ക് കാത്തുനിൽക്കാതെ മഴ മാറുന്നതുവരെ ഖനനം നിർത്തിവയ്ക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് ഉത്തരവ് നൽകാം.
സ്കൂൾ, അങ്കണവാടി കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം. വിവിധ വകുപ്പുകൾ നിർവഹിക്കേണ്ട ചുമതലകളും യോഗത്തിൽ നിർദേശിച്ചു. ആർഡിഒ ഡി. അമൃതവല്ലി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.