കണക്കൻതുരുത്തി ഗവ. യുപി സ്കൂളും ഇനി പുതിയ കെട്ടിടത്തിൽ
1298748
Wednesday, May 31, 2023 4:09 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്തിലെ ഏക സർക്കാർ യുപി സ്കൂളായ കണക്കൻതുരുത്തി യുപി സ്കൂൾ രണ്ടുവർഷത്തെ ഇടവേളക്കുശേഷം ഇക്കുറി സ്കൂളിലെ പുതിയ ഹൈടെക്ക് കെട്ടിടത്തിൽ അധ്യയനം ആരംഭിക്കും. 2.68 കോടി രൂപ ചെലവിൽ 18 ക്ലാസ് മുറികളോടെയാണ് ഇരുനില കെട്ടിടം ഉയർന്നിട്ടുള്ളത്. കെട്ടിടം അവസാന മിനുക്കുപണികളിലാണ്.
എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 160 കുട്ടികളുണ്ട്. ഒന്നാം ക്ലാസിലേക്ക് 15 കുട്ടികളുടെ അഡ്മിഷൻ ഉണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
രണ്ടുവർഷമായി സ്കൂൾ പ്രവർത്തിച്ചിരുന്നത് കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളിയുടെ പാരിഷ് ഹാളിലായിരുന്നു. സ്കൂളിൽ പുതിയ കെട്ടിടം നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാലായിരുന്നു സ്കൂൾ പ്രവർത്തനം പാരിഷ് ഹാളിലേക്ക് മാറ്റിയത്. 1961ൽ സ്കൂൾ ആരംഭിച്ചതും പള്ളി പാരിഷ് ഹാളിൽ തന്നെയായിരുന്നു.രണ്ട് വർഷം സ്കൂൾ പള്ളിയിൽ പ്രവർത്തിച്ചപ്പോൾ വലിയ സ്വീകരണത്തോടെയായിരുന്നു ഇടവക സമൂഹം കുട്ടികളെ സ്വീകരിച്ചിരുന്നത്.
1970 ലാണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത്.
ഇതിനിടെ പത്തുവർഷം മുന്പ് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായി സ്കൂളിന്റെ പ്രവർത്തനം താളം തെറ്റുന്ന സ്ഥിതിയുണ്ടായി. പിന്നീട് പിടിഎയും പഞ്ചായത്തും സർക്കാർ ഫണ്ടുകളുമായി പുതിയ കെട്ടിടവും മറ്റു ഭൗതിക സൗകര്യങ്ങളുമായി വീണ്ടും പഴയ പ്രതാപത്തിൽ എത്തിയിരിക്കുകയാണ് കണക്കൻതുരുത്തി ഗവണ്മെൻറ് യുപി സ്കൂൾ.