ഒറ്റപ്പാലം ലാന്ഡ് ട്രിബ്യൂണൽ ഓഫീസിൽ പട്ടയ അപേക്ഷകൾ കുന്നുകൂടുന്നു
1298455
Tuesday, May 30, 2023 12:44 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം ലാന്ഡ് ട്രിബ്യൂണൽ ഓഫീസിൽ പട്ടയ അപേക്ഷകൾ കുമിഞ്ഞുകൂടി. പട്ടയങ്ങൾ ലഭിക്കാതെ ജനങ്ങൾ വലയുന്നു.
അത്യാവശ്യ ഘട്ടങ്ങളിലാണ് പട്ടയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് പലരും തിരിച്ചറിയുന്നത്. അപേക്ഷകളുമായി എത്തുന്പോഴാണ് ഇത് ലഭ്യമാകാൻ ഉണ്ടാകുന്ന പൊല്ലാപ്പുകളിൽ ഇവർ നട്ടം തിരിയുന്നത്.
പട്ടയം കിട്ടാതെ നൂറുകണക്കിന് ആളുകളാണ് ഇത്തരത്തിൽ ദിനംപ്രതി ലാൻഡ് ട്രൈബ്യൂണൽ ഓഫീസിന്റെ പടിക്കെട്ടുകൾ കയറിയിറങ്ങി വട്ടം തിരിയുന്നത്. കെട്ടിക്കിടക്കുന്ന പട്ടയ പരാതികളിൽ ഉടൻ തീർപ്പാക്കാൻ ഉന്നതതല തീരുമാനമുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടികളും ഇല്ലാത്ത സ്ഥിതിയാണ്.
പരാതികളിൽ ഒരു നടപടിയും കൈകൊള്ളാൻ അധികൃതർ തയ്യാറാകുന്നില്ലന്ന പരാതി വ്യാപകമാണ്. ദിവസങ്ങൾക്കു മുന്പ് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടിയതോടെ പണം നൽകിയാലും പട്ടയം ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്ന് ആവശ്യക്കാർ പറയുന്നു.
നേരത്തെ കെ. പ്രേംകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷരും ഒറ്റപ്പാലം സബ് കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ യോഗത്തിലാണ് പട്ടയങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യാനും, തീർപ്പുകൽപിക്കാനും തീരുമാനിച്ചത്.
ലാൻഡ് ട്രിബ്യൂണൽ ഓഫീസിൽ കെട്ടിക്കിടക്കുന്ന പരാതികളുടെയും അപേക്ഷകളുടേയും എണ്ണം അധികൃതർക്ക് പോലും തിട്ടമില്ലാത്ത സ്ഥിതിയാണ്. പരാതികളിൽ തീർപ്പാക്കാൻ അദാലത്ത് നടത്താനും തീരുമാനിച്ചിരുന്നു.
പഞ്ചായത്തുകളിലും വില്ലേജ് ഓഫീസുകളിലുമുള്ള പട്ടയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളിലും പരിഹാരം കണ്ടെത്താനായിരുന്നു തീരുമാനം.
ഇതിന് വേണ്ടി തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലുമുള്ള പരാതികൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയാറാക്കാൻ തഹസിൽദാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ മുഴുവൻ പട്ടയ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കാൻ വെബ് പേജ് തയ്യാറാക്കിയിട്ടുണ്ട്. ഇതിലേക്ക് ഒറ്റപ്പാലം താലൂക്കിലെ പ്രശ്നങ്ങളെല്ലാം പട്ടികയാക്കി വിവരശേഖരണം നടത്താനും തീരുമാനിച്ചിരുന്നു. അതേ സമയം ഇപ്പോഴും പട്ടയങ്ങൾ നേടികൊടുക്കാൻ ചില സംഘങ്ങൾ ലാന്റ് ട്രൈബ്യൂണൽ ഓഫീസിൽ പ്രവർത്തിക്കുന്നതായി പരാതിയുണ്ട്.
ചില ഉദ്യോഗസ്ഥൻമാരും, അഭിഭാഷകൻ മാരുമാണ് ഈ അവിഹിത ഇടപെടലുകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇതിനായി വൻതുകകൾ ഇവർ കൈപ്പറ്റുന്നതായി പറയപ്പെടുന്നുണ്ട്.
അത്രമാത്രം വിശ്വാസം ഉള്ളവർക്കും വൻ തുകകൾ നൽകുന്നവർക്കും ആണ് വിജിലൻസിന്റെ അറസ്റ്റ് ഉണ്ടായതിനു ശേഷം പട്ടയങ്ങൾ നൽകുന്നത് എന്നാണ് പരാതിക്കാർ പറയുന്നത്.