പതിനായിരം ചെറിയ നന്പറല്ല! കരിന്പന ദൗത്യം തുടരാൻ കല്ലൂർ ബാലൻ
1298448
Tuesday, May 30, 2023 12:44 AM IST
ഒറ്റപ്പാലം: കരിന്പനകൾ നാടുനീങ്ങുന്ന നെല്ലറയിൽ ഈ വർഷക്കാലത്ത് പതിനായിരം കരിന്പനതൈകൾ നട്ടുപിടിപ്പിക്കാനുള്ള ദൗത്യവുമായി കല്ലൂർ ബാലൻ. അഞ്ച് വർഷം കൊണ്ട് പത്ത് ലക്ഷം കരിന്പനകൾ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ പ്രകൃതി സ്നേഹി. പോയ് മറഞ്ഞ കരിന്പനകളുടെ പ്രതാപകാലം തിരിച്ചുപിടിക്കാനാണ് പരിസ്ഥിതി പ്രവർത്തകനായ കല്ലൂർ ബാലന്റെ തീരുമാനം.
ഇതിനായി ഇദ്ദേഹം ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. ജില്ലയിൽ സമൃദ്ധമായി നിലനിന്നിരുന്ന കരിന്പനകൾ ഇന്ന് ആവാസ വ്യവസ്ഥയെപ്പോലും ബാധിച്ചേക്കാവുന്ന വിധം വെല്ലുവിളി നേരിടുന്നെന്ന ചിന്തയാണ് ബാലനെയും സഹായികളെയും കരിന്പന വച്ചുപിടിപ്പിക്കണമെന്ന ലക്ഷ്യത്തിലെത്തിച്ചത്.
മൂന്നു വർഷമായി കരിന്പനകൾ നട്ടുപിടിപ്പിക്കുന്നുണ്ടെങ്കിലും ഈ മഴക്കാലത്തു കൂടുതൽ ശ്രദ്ധ നല്കാനാണു തീരുമാനം. കരിന്പനയുടെ പഴം ശേഖരിച്ചു വിത്ത് ഒരുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതിന്റെ പ്രവർത്തികൾ ഏതാണ്ട് പൂർത്തീകരിച്ചു കഴിഞ്ഞു. പലയിടങ്ങളിൽനിന്നു കണ്ടെത്തുന്ന പനന്പഴം കല്ലൂർ അയ്യർമലയിൽ എത്തിച്ചു വിത്തൊരുക്കുകയാണു ചെയ്തത്.
പതിനായിരത്തോളം പനന്പഴം ശേഖരിച്ചു കഴിഞ്ഞു. അഞ്ചു വർഷം കൊണ്ട് 10 ലക്ഷം കരിന്പന തൈകൾ നട്ടുപിടിപ്പിക്കാനാണു ശ്രമം.
എറാം ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നു കല്ലൂർ ബാലൻ പറഞ്ഞു.
ഉണക്കിയെടുക്കുന്ന വിത്തുകൾ മഴക്കാലം തുടങ്ങുന്നതോടെ മണ്ണിൽ കുഴിച്ചിടും. പൊതുസ്ഥലങ്ങളും പാതയോരങ്ങളിലും തൈകൾ നടും.
പറളി സ്കൂളിലെ വിദ്യാർഥികളായ കെ.കെ. ശിഹാബ്, കെ.എ. ഇബ്രാഹിം ബാദുഷ, പരിസ്ഥിതി പ്രവർത്തകരായ കെ.കെ.എ. റഹ്മാൻ, എം.പി. സുരേഷ് എന്നിവരാണ് സഹായത്തിനുള്ളത്. ഭൂമിയിൽ പച്ചപ്പ് നിലനിർത്താനും മരമാണ് മനുഷ്യ ജീവനെ ആത്യന്തികമായി നിലനിർത്തുന്ന തെന്നും ഉറച്ചു വിശ്വസിക്കുന്ന കല്ലൂർ ബാലൻ സകല ജീവജാലങ്ങളും ഭൂമിയിൽ ഉണ്ടാകണമെങ്കിൽ മരങ്ങൾ അത്യന്താപേക്ഷിതമാണെന്നും ഉറച്ചു വിശ്വസിക്കുന്നു.
ഇതിനകം ആയിരക്കണക്കിന് മരങ്ങൾ വെച്ചുപിടിപ്പിച്ച് സംരക്ഷിച്ചുവരുന്ന കല്ലൂർ ബാലൻ ഈ വേനലിൽ നൂറുകണക്കിന് വന്യമൃഗങ്ങൾക്കാണ് ഭക്ഷണം നൽകിയത്.
വെള്ളവും ആഹാരസാധനങ്ങളും കിട്ടാതെ കാടിറങ്ങിയ കുരങ്ങൻ പന്നി മറ്റ് ചെറുജീവികൾ എന്നിവയ്ക്കല്ലാം ഒറ്റപ്പാലം പാലക്കാട് പരിസരപ്രദേശങ്ങളിൽ നിന്നും ശേഖരിച്ചു കൊണ്ടുവന്നിരുന്ന പഴവർഗങ്ങളും വെള്ളവും തെറ്റാതെ ഇദ്ദേഹം എത്തിച്ചു നല്കിയിരുന്നു.
ഇതിന് പുറമേ വേനലിന്റെ വറുതിയിൽ ദാഹിച്ചു വരുന്നവർക്ക് കുടിവെള്ള വിതരണവും ഇദ്ദേഹം ഈ വേനലിൽ നടത്തിവന്നിരുന്ന ജീവകാരുണ്യ പ്രവർത്തനമാണ്.