മതബോധന സംയുക്ത സമ്മേളനവും വിശ്വാസപരിശീലന വർഷ ഉദ്ഘാടനവും
1297930
Sunday, May 28, 2023 3:16 AM IST
പാലക്കാട്: രൂപത വിശ്വാസ പരിശീലന വേദിയുടെ പ്രവർത്തന വർഷ ഉദ്ഘാടനം പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു. സമ്മേളനം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഒരോ വിദ്യാർഥിയുടെയും ഉള്ളിലെ സർഗവാസന കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് വിശ്വാസ പരിശീലകരായ അധ്യാപകരാണെന്ന് ബിഷപ് അറിയിച്ചു.
നവീകരണവർഷത്തിൽ നാം എപ്രകാരമാണ് നവീകരിക്കപ്പെടേണ്ടതെന്നും ആത്മവിശ്വാസത്തോടെ ആരംഭം കുറിച്ച് ഉറച്ച തീരുമാനത്തോടെ മുന്നോട്ടുപോവുകയും പൂർണതയിൽ ദൗത്യം നിർവഹിക്കുകയും വേണ്ടത് അനിവാര്യമാണെന്നും മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ക്രൈസ്തവ വിശ്വാസമാണ് നമുക്ക് വേണ്ടതെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.
രൂപത മതബോധന ഡയറക്ടർ ഫാ.ജെയിംസ് ചക്യേത്ത് സ്വാഗതം പറഞ്ഞു. സിസ്റ്റർ ലിസ റോസ് എസ്എൻഡിഎസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പരീക്ഷകളിലും വിവിധ മത്സരങ്ങളിലെ വിജയികളായവർക്കും അവാർഡുകൾ നല്കി. വിശ്വാസ പരിശീലന സെക്രട്ടറി സജി ജേക്കബ് സമ്മേളനത്തിന് നന്ദി പറഞ്ഞു.
2023-24 വർഷത്തിന്റെ മതബോധന കലണ്ടർ പ്രകാശനം ചെയ്തു. ഫാ.അമൽ വലിയവീട്ടിൽ സമ്മേളനത്തിലും ചർച്ചയിലും നന്ദി പറഞ്ഞു. വിശ്വാസ പരിശീലന പ്രധാന അധ്യാപകരും ഫൊറോന ഡയറക്ടർമാരും ഇടവക സെക്രട്ടറിമാരും റെഗുലർ സ്കൂൾ പ്രധാന അധ്യാപകരും സമ്മേളനത്തിൽ പങ്കെടുത്തു.