എൻസിസി കേഡറ്റുകളുടെ വാർഷിക പരിശീലന ക്യാന്പ്
1297925
Sunday, May 28, 2023 3:16 AM IST
പാലക്കാട്: 27-ാം കേരള എൻസിസി ബറ്റാലിയന്റെ നേതൃത്വത്തിൽ മെയ് 17 മുതൽ 26 വരെ എൻസിസി കേഡറുകൾക്കുള്ള സംയുക്ത വാർഷിക പരിശീലന ക്യാന്പ് മലന്പുഴ ജവഹർ നവോദയ വിദ്യാലയത്തിൽ വച്ചു നടത്തി. കേണൽ എസ്.കെ. ബാബു ക്യാന്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബറ്റാലിയനു കീഴിൽ വരുന്ന വിവിധ കോളജുകളിൽ നിന്നുമായി 540 കേഡറ്റുകൾ ക്യാന്പിൽ പങ്കെടുത്തു. കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.ഗോവിന്ദ് 21ന് ക്യാന്പ് സന്ദർശിച്ചു. എൻസിസിയുടെ പ്രസക്തിയെക്കുറിച്ചും അടിയന്തിര ഘട്ടങ്ങളിൽ എൻസിസി കേഡറ്റുകൾ ജനനന്മയ്ക്കായി പ്രവർത്തിക്കേണ്ടത് എങ്ങനെയെന്ന് 2018ലെ പ്രളയകാലത്തെ എൻസിസി കേഡറ്റുകളുടെ സേവനപ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടും അദ്ദേഹം സംസാരിച്ചു.
ക്യാന്പിൽ ഫസ്റ്റ് എയ്ഡിനെക്കുറിച്ച് ഡോ.ടി.കെ. ജയപ്രകാശ് ക്ലാസ് എടുത്തു. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.രാജേഷ് ക്ലാസെടുത്തു. ക്യാന്പ് അഡ്ജറ്റൻഡ് മേജർ ടി.ലില്ലിക്കുട്ടി തോമസ്, സുബേദാർ മൽക്കി സിംഗ്, സുബേദാർ അനൂപ് സിംഗ്, സെക്കന്റ് ഓഫീസർ വി.മുരളീധരൻ, സെക്കന്റ് ഓഫീസർ ഇ.കെ. സുനിൽകുമാർ, തേഡ് ഓഫീസർ ജി.സുനിത കുമാരി, തേഡ് ഓഫീസർ ഇ.ആർ. ഡെയ്സി, കെയർടെയ്ക്കർ എം.ജസീല നേതൃത്വം നല്കി.