നടീൽ നടത്തുന്നവർക്ക് ഞാറ്റടി തയാറാക്കാം
1297682
Saturday, May 27, 2023 1:16 AM IST
ആലത്തൂർ : മധ്യകാല മൂപ്പുള്ള ഉമ പോലുള്ള വിത്തിനങ്ങൾ ഉപയോഗിക്കുന്ന കർഷകർക്ക് ഈ ആഴ്ചയോടെ ഞാറ്റടി തയ്യാറാക്കാം.
ഹ്രസ്വകാല മൂപ്പുള്ള സിഗപ്പി, ജ്യോതി, കാഞ്ചന, മനുരത്ന തുടങ്ങിയ വിത്തിനങ്ങൾ ഉപയോഗിക്കുന്ന കർഷകർ മഴക്കനുസരിച്ച് മെയ് അവസാനവാരം അല്ലെങ്കിൽ ജൂണ് ആദ്യവാരം എങ്കിലും ഞാറ്റടി തയ്യാറാക്കാം. കള ശല്യം രൂക്ഷമായ പാടങ്ങളിലും വെള്ളക്കെട്ടും വെള്ളമടിയും രൂക്ഷമായ പാടങ്ങളിലും നേരത്തെയുള്ള നടീൽ ആണ് അനുയോജ്യം. കളയില്ലാത്ത, വെള്ളം പ്രശ്നം ആകാത്തിടത്തു വിതയാകാം. പക്ഷെ ഇക്കുറി പാടങ്ങളിൽ വെള്ളം കൂടിയതോടെ ചേറ്റുവിത നടത്താൻ അനുയോജ്യമായ പ്രദേശങ്ങളിൽ മാത്രം അത് അനുവർത്തിക്കാം. ഈ രീതിയിൽ വിത, നടീൽ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയാണെങ്കിൽ കർഷകർക്ക് സെപ്റ്റംബർ മാസത്തോടെ കൊയ്ത്തു ആരംഭിക്കാനും ഒക്ടോബർ മാസത്തിൽ തന്നെ രണ്ടാം വിളയ്ക്കുള്ള ഒരുക്കങ്ങൾ നടത്താനും സാധിക്കുന്നതാണ്.
ഒരു ഏക്കർ നടീൽ നടത്താൻ ഞാറ്റടി 30 കിലോഗ്രാം വിത്ത് ആവശ്യമാണ്. കുമിൾ, ബാക്ടീരിയ രോഗങ്ങളെ പ്രതിരോധിക്കാൻ വിത്ത് സ്യുഡോമോണാസ് എന്ന ബാക്ടീരിയ മിശ്രിതമായി നന്നായി കൂട്ടി കലർത്തി (അല്പം കഞ്ഞിവെള്ളം ചേർത്ത് നനച്ചു കൊടുത്താൽ സ്യുഡോമോണാസ് എളുപ്പത്തിൽ വിത്തിൽ കലരുന്നതാണ്).
ഒരു പ്രദേശത്തേക്കു അനുയോജ്യമായ ഒരേ വിത്ത് തെരഞ്ഞെടുത്തു ഒരേ രീതിയിൽ കൃഷിയിറക്കിയാൽ മികച്ച വിളവിനോടൊപ്പം കൃഷി ചെലവും കുറയ്ക്കാൻ സാധിക്കുമെന്ന് ആലത്തൂർ കൃഷി ഓഫീസർ എം.വി.രശ്മി പറഞ്ഞു.