അട്ടപ്പാടി നിവാസികളെ ഒപ്പം ചേർക്കാൻ സാധ്യമായാൽ ജനാധിപത്യം പൂർണമാകും: മന്ത്രി കെ.കൃഷ്ണൻകുട്ടി
1297675
Saturday, May 27, 2023 1:16 AM IST
അഗളി : അട്ടപ്പാടി നിവാസികളെ ഒപ്പം ചേർക്കാൻ സാധ്യമായാൽ ജനാധിപത്യം പൂർണമാകുമെന്ന് വൈദ്യുത വകുപ്പുമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. അട്ടപ്പാടി താലൂക്ക് പരാതി പരിഹാര അദാലത്ത് സമാപനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അട്ടപ്പാടിയിലെ കൃഷി ശാസ്ത്രീയമാകേണ്ടതുണ്ട്. അട്ടപ്പാടി നിവാസികൾ സമൂഹത്തിലെ മറ്റുള്ളവരോടൊപ്പം വളരണം അതിൽ എല്ലാവരും പങ്കാളികളാവണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ അദാലത്തുകൾ ജില്ല കളക്ടറുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ മികച്ച രീതിയിൽ നടന്നു. അദാലത്തിൽ സ്വീകരിച്ച പരാതികളിൽ കൃത്യമായ തുടർനടപടികൾ ഉണ്ടാവണമെന്നും അദാലത്തിൽ സഹകരിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.