കൊടൈക്കനാൽ വേനൽമേള ഉദ്ഘാടനം ഇന്ന്
1297396
Friday, May 26, 2023 12:39 AM IST
കൊടൈക്കനാൽ: തമിഴ്നാട് സർക്കാർ ടൂറിസം, ഹോർട്ടികൾച്ചർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ ബ്രയന്റ് പാർക്കിൽ ഈ വർഷത്തെ വേനൽമേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് നടക്കും. ഗ്രാമവികസന വകുപ്പ് മന്ത്രി ഇ.പെരിയസാമി വേനൽകാല ഉത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം.ആർ.കെ.പനീർശെൽവം, കെ.രാമചന്ദ്രൻ, എ.ചക്രപാണി എന്നിവർ പങ്കെടുക്കും. വേലുച്ചാമി എംപി, ഇ.പി.സെന്തിൽകുമാർ എംഎൽഎ എന്നിവർ നേതൃത്വം നൽകും.
കൊടൈക്കനാൽ ബ്രയന്റ് പാർക്കിൽ നടക്കുന്ന ഉത്സവത്തിൽ ഇന്നുമുതൽ 28 വരെ ഹോർട്ടികൾച്ചർ വകുപ്പിന്റെ 3 ദിവസവും ടൂറിസം വകുപ്പ് 26 മുതൽ ജൂണ്‍ 2 വരെ 8 ദിവസവും മംഗള മ്യൂസിക്, ഭരതം, തപ്പടം, വൈലാട്ടം, തെമ്മാങ്കു സംഗീതം, എന്നിവയുടെ നേതൃത്വത്തിൽ പുഷ്പ പ്രദർശനം നടക്കും. പട്ടിമണ്രം, നൃത്തഗാനം, മൾട്ടി വോക്കൽ ഷോ, ഇന്നിസൈ തുടങ്ങിയ പരിപാടികൾ നടക്കും. 28ന് പട്ടിമണ്രം പരിപാടി, 30ന് വള്ളംകളി, 31ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ശ്വാനപ്രദർശനം എന്നിവ നടക്കും.
കൂടാതെ, കലാ സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദിവസവും ഗ്രാമീണ കലാപരിപാടികൾ, ചിലന്പം തുടങ്ങി വിവിധ പരിപാടികൾ നടത്തും. ജില്ലാ ഭരണകൂടം, ഹോർട്ടികൾച്ചർ വകുപ്പ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ എന്നിവരുടെ ഏകോപനത്തിലാണ് ഉത്സവ ക്രമീകരണങ്ങൾ. കൊടൈക്കനാലിലെ വേനൽക്കാല ഉത്സവത്തിനും പുഷ്പമേളയ്ക്കുമായി വിനോദസഞ്ചാരികൾ ഒഴുകിയെത്തിയതോടെ നഗരം തിരക്കിലാണ്.