സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന 30നകം പൂർത്തിയാക്കും
1297393
Friday, May 26, 2023 12:37 AM IST
പാലക്കാട്: ജൂണ്‍ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന 30 നകം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ് വിഭാഗങ്ങളിലായി 1003 സ്കൂളുകളാണ് ജില്ലയിലുള്ളത്. ഇതുവരെ 90 ശതമാനത്തോളം സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും നേതൃത്വത്തിൽ സ്കൂളുകളിലെ ഒരുക്കങ്ങളുടെ പരിശോധനയും നടന്നുവരികയാണ്.
99 ശതമാനം സ്കൂളുകളിലും യൂണിഫോമും പാഠപുസ്തക വിതരണങ്ങളും പൂർത്തിയാക്കിയതായും വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്കൂളുകളുടെ സുരക്ഷാക്രമീകരണങ്ങളുടെ വിലയിരുത്തൽ യോഗം 30 ന് ചേരും.