നടപടിയെടുക്കാതെ വനപാലകർ
1297392
Friday, May 26, 2023 12:37 AM IST
മംഗലംഡാം: ജനങ്ങളെ ഭീതിയിലാക്കി കാട്ടുപോത്തിൻക്കൂട്ടം ജനവാസ മേഖലയിൽ കറങ്ങുന്പോഴും തിരിഞ്ഞു നോക്കാതെ വനപാലകർ. ആളുകളെ കാണിക്കാനെങ്കിലും പതിവ് സന്ദർശനം പോലും പോത്തിൻക്കൂട്ടത്തെ കണ്ട കടപ്പാറ കടമപ്പുഴയിൽ വനപാലകർ നടത്തിയില്ലെന്നാണ് ആക്ഷേപം.
പോത്തിൻക്കൂട്ടത്തെ കാട്ടിലേക്ക് കയറ്റിവിടുന്നതിനോ മറ്റു മുൻ കരുതൽ നടപടി സ്വീകരിക്കുന്നതിനോ വനപാലകർ ശ്രമിക്കുന്നില്ലെന്നും മലയോരവാസികൾക്ക് പരാതിയുണ്ട്. ഏറെ ലാഘവത്തോടെയാണ് വനംവകുപ്പ് വിഷയത്തെ കാണുന്നത്.
പോത്തുകൾ തീറ്റ തേടി വന്നതാകുമെന്നാണ് ഭാഷ്യം. ചൊവ്വാഴ്ച വൈകീട്ട് 5.30യോടെ കടപ്പാറ റോഡിൽ കടമപ്പുഴ പാലത്തിനടുത്തുവച്ചാണ് ഒരു കുട്ടിയും രണ്ടു വലിയ പോത്തുകളുമുള്ള കൂട്ടത്തെ കിഴക്കഞ്ചേരി വാൽക്കുളന്പ് സ്വദേശി ഷിബു എന്ന യുവാവ് കണ്ടത്. തോട്ടിൽ നിന്നും വെള്ളം കുടിച്ച് പോത്തിൻകൂട്ടം റബർ തോട്ടത്തിലേക്ക് കയറി പോവുകയായിരുന്നു.
എസ്റ്റേറ്റിൽ റബർ മരത്തിൽ പ്ലാസ്റ്റിക് ഇടുന്ന ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ഷിബു. സുഹൃത്ത് സുജിത്തും കൂടെയുണ്ടായിരുന്നു.
കടപ്പാറയിൽ കാട്ടുപോത്തിറങ്ങി എന്ന വാർത്ത ഇന്നലെ പത്രങ്ങളിലെല്ലാം വന്നിട്ടും വനപാലകർ വൈകുന്നേരം വരെയും തിരിഞ്ഞുനോക്കിയിട്ടില്ല.
ഇന്നലെ രാവിലെയും റബറിന് പ്ലാസ്റ്റിക് ഇടാൻ വരുന്നവർ പോത്തിൻകൂട്ടത്തെ കണ്ടതായി പറഞ്ഞു.
ആക്രമണ സ്വഭാവം കാണിക്കുന്നില്ലെങ്കിലും ആളുകൾക്ക് ഇപ്പോൾ വഴി നടക്കാനാകാത്ത സ്ഥിതിയാണ്. കിഴക്കഞ്ചേരി കവിളുപ്പാറയിലും കാട്ടുപോത്തിറങ്ങിയിട്ടുണ്ട്. ഇവിടെ ഒറ്റയാനാണ്. രാത്രി ബൈക്കിൽ പോയ യുവാക്കൾ കാട്ടുപോത്തിന്റെ മുന്നിൽപ്പെട്ടു.
പോത്ത് ചീറ്റി പിന്നാലെ വന്നെങ്കിലും യുവാക്കൾ വാഹനം വേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.