വാടാനാംകുറുശി റെയിൽവേ മേൽപാല നിർമാണ പ്രവൃത്തികൾ നിലച്ചു
1282503
Thursday, March 30, 2023 1:09 AM IST
ഷൊർണൂർ: വാടാനാംകുറുശി റെയിൽവേ മേൽപാല നിർമാണ പ്രവൃത്തികൾ നിലച്ചു. മേൽപാല നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനാവശ്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതാണ് നിർമാണം സ്തംഭിക്കാൻ കാരണമായത്. ഇതോടുകൂടി വാഹനത്തിരക്ക് ഏറെയുള്ള പട്ടാന്പി കുളപ്പുള്ളി റോഡിലൂടെയുള്ള യാത്ര ഏറെ ക്ലേശം നിറഞ്ഞതായി.
പ്രവർത്തികൾ നടന്നുവന്നിരുന്ന പാതയുടെ ഭാഗങ്ങൾ പൊളിച്ചിട്ട തുമൂലം ഗതാഗതക്കുരുക്കു കൊണ്ടും പാതയിൽ നിന്ന് മണ്ണും പൊടിയും പറന്നു പൊന്തുന്നതും മുഖ്യ പ്രശ്നമാണ്. കുളപ്പുള്ളി-പട്ടാന്പി പാതയിലൂടെയുള്ള യാത്രാക്ലേശം പരിഹരിക്കണമെങ്കിൽ റെയിൽവേ ലൈനിന് മുകളിലൂടെയുള്ള മേൽപാലം നിർമാണം മാത്രമാണ് പരിഹാരമെന്ന തിരിച്ചറിവിനെ തുടർന്നാരംഭിച്ച പദ്ധതി ഇപ്പോൾ പാതിവഴി നിലച്ച അവസ്ഥയാണ്.
ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് ഒഴിവായിക്കിട്ടാൻ പാലം പണി വേഗത്തിൽ തീർക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്.
ഉദ്ഘാടന സമയത്ത് അറിയിച്ചതു പോലെ പാലം പണി പൂർത്തീകരിക്കുകയായിരുന്നെങ്കിൽ 2022 ജനുവരിയിൽ പാലം പണി തീരേണ്ടതായിരുന്നു. 2023 മാർച്ച് മാസം അവസാനിക്കാനിരിക്കെ പാലം പണി നിലച്ച സ്ഥിതിയിലാണ് എത്തിനില്ക്കുന്നത്.