എൻഫോഴ്സ്മെന്റ് സ്ക്വാഡ് സജീവം
1282480
Thursday, March 30, 2023 1:05 AM IST
പാലക്കാട്: മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ രൂപീകരിച്ച പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധന ജില്ലയിൽ ശക്തം.
മണ്ണാർക്കാട് നഗരസഭയിലെ തോരാപുരത്ത് മലിനജലവും കക്കൂസ് മാലിന്യവും അഴുക്കുചാൽ വഴി പുഴയിലേക്ക് ഒഴുക്കിവിടുന്നുവെന്ന പരാതിയെ തുടർന്ന് സ്ക്വാഡ് സ്ഥലം സന്ദർശിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കാൻ നഗരസഭക്ക് നിർദേശം നൽകി. മലന്പുഴ ഡാമിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയ സംഘം ഡാമിലും ഉദ്യാനത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി. എൻഫോഴ്സ്മെന്റ് സംഘത്തിനൊപ്പം അസിസ്റ്റന്റ് കളക്ടർ ഡി. രഞ്ജിത്തും പരിശോധനയിൽ പങ്കെടുത്തു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമചട്ട ലംഘനങ്ങൾ കണ്ടെത്തൽ, പരിശോധന നടത്തൽ, കുറ്റം കണ്ടെത്തൽ, അനധികൃതമായി ഉപയോഗിക്കുകയും, വിൽപന നടത്തുന്നതുമായ ഡിസ്പോസിബിൾ വസ്തുക്കൾ പിടിച്ചെടുക്കൽ, പിഴ ഈടാക്കൽ, നിയമ നടപടികൾ സ്വീകരിക്കൽ എന്നിവയാണ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾ. ജില്ലാ ശുചിത്വ മിഷൻ ഓഫീസാണ് സ്ക്വാഡിന്റെ പ്രവർത്തന ആസ്ഥാനം.