നോന്പുകാല കച്ചവടവും ക്ലച്ച് പിടിച്ചില്ല, പഴവർഗ വില്പന വിപണിയിൽ ഇടിവ്
1282008
Wednesday, March 29, 2023 12:40 AM IST
ഒറ്റപ്പാലം: നോന്പുകാല കച്ചവടമില്ല. പഴവർഗ വില്പന വിപണിയിൽ ഇടിവ്. വേനൽക്കാലത്ത് പൊതുവേ പഴവർഗങ്ങൾക്ക് ആവശ്യക്കാർ കൂടാറുണ്ട്. ഇതിനനുസരിച്ച് വിലയുടെ കാര്യത്തിലും വർദ്ധനവ് ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ നോന്പുകാലം കൂടി കടന്നുവന്നതോടെ പഴ പഴവർഗങ്ങൾക്ക് ആവശ്യക്കാർ ഏറുകയും, വിപണിയിൽ വിലവർധന രൂപപ്പെടുകയും ചെയ്യേണ്ട സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ നോന്പ് കാല കച്ചവടം തുടങ്ങിയിട്ടില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇതുകൊണ്ട് തന്നെ വിപണിയിൽ വിൽപ്പന ഇടിവും ദൃശ്യമാണ്. അതേസമയം നോന്പുകാലമായതിനാൽ പഴവില്പന വിപണിയിൽ നേരിയതോതിൽ ഉണർവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
വേനൽക്കാലത്ത് പഴവർഗങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം മുൻകാലങ്ങളിൽ വർദ്ധിച്ചുവന്നിരുന്നു.
എന്നാൽ സാന്പത്തിക മാന്ദ്യവും, ഞെരുക്കവും പഴം വിപണിയിൽ ആളുകളെ എത്തിക്കുന്നത് വിലക്കുന്നുണ്ട്. എല്ലാവർഷവും നോന്പുകാലത്ത് പഴവർഗങ്ങളുടെ വില്പന തകൃതിയായി നടക്കാറുണ്ട്.
എന്നാൽ ഇത്തവണ ഇത് വളരെ കുറവാണെന്ന് കച്ചവടക്കാർ എല്ലാവരും ഒറ്റക്കെട്ടായി പറയുന്നു. നോന്പ് വിപണി ഇനിയും സജീവമായിട്ടില്ലെന്നാണ് ഇവരുടെ അഭിപ്രായം. ബട്ടർ ഫ്രൂട്ട് കിലോവിന് 350 രൂപയാണ് വില. മറ്റു രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന ഫോറിൻ ആപ്പിളിന് വില കൂടിയിട്ടില്ല. ആപ്പിളിന്റെ ക്വാളിറ്റിക്കനുസരിച്ച് വിലയിലും ഏറ്റക്കുറച്ചിലുകൾ വരുന്നുണ്ട്.
പ്ലംസ് 400 രൂപയാണ് കിലോഗ്രാമിന് വില. പച്ച മുന്തിരി 80 രൂപയും, കറുത്ത മുന്തിരി 120 രൂപയുമാണ് വില. ആപ്പിളിന് 180 രൂപയും, ഓറഞ്ചിന് 80 മുതൽ 100 രൂപയും വിലയിടാക്കുന്നുണ്ട്. പൈനാപ്പിളിന് 80 രൂപയും മാതളനാരങ്ങയ്ക്ക് 150 രൂപയുമാണ് വില. നേന്ത്രപ്പഴത്തിന് 45 രൂപയാണ്. എന്നാൽ വലിയ രീതിയിലുള്ള വിലക്കയറ്റം അനുഭവപ്പെടാതിരുന്നിട്ട് പോലും സാന്പത്തിക ഞെരുക്കം മൂലം ആളുകൾ പഴവർഗങ്ങൾ വാങ്ങാൻ എത്തുന്നില്ലെന്നാണ് കച്ചവടക്കാരുടെ പരാതി.
റംസാൻ കാലത്ത് വലിയ രീതിയിലുള്ള കച്ചവടം പ്രതീക്ഷിച്ചു തയാറെടുപ്പുകൾ നടത്തിയിരുന്ന ചെറുകിട കച്ചവടക്കാർക്കാണ് വലിയ പ്രതിസന്ധി നേരിട്ടത്. അതേസമയം തണ്ണിമത്തൻ വലിയ രീതിയിൽ വില്പന നടക്കുന്നുണ്ട്. ചിലയിടങ്ങളിൽ 20 രൂപയ്ക്കും 23 രൂപയ്ക്കുമെല്ലാം ഇവ വിൽക്കപ്പെടുന്നുണ്ട്.
തമിഴ്നാട്ടിൽ നിന്നും വലിയതോതിൽ തണ്ണിമത്തനുകൾ അതിർത്തി കടന്ന് എത്താൻ തുടങ്ങിയതോടെ വിപണിയിൽ ഇവ ഇനിയും വിലകുറച്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തദ്ദേശീയരായ കർഷകർ ഉത്പാദിപ്പിച്ച തണ്ണിമത്തനും വിളവെടുപ്പ് നടത്തിവരുന്നുണ്ട്. പാതയോരങ്ങളിലും ഗ്രാമീണ മേഖലകളിലും തണ്ണിമത്തൻ വൻതോതിൽ വിൽക്കപ്പെടുന്നുണ്ട്. പലപ്പോഴും കിട്ടിയ വിലക്ക് ഇവ വിറ്റഴിക്കാനും കച്ചവടക്കാർ മുതിരുന്നുണ്ട്. നോന്പുകാലത്ത് ഓറഞ്ചും തണ്ണിമത്തനും മാത്രമാണ് ഇപ്പോൾ ഏറ്റവും അധികം ആളുകൾ വാങ്ങിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
എന്നാൽ ഇതുകൊണ്ട് കാര്യമായ ലാഭമില്ലെന്നാണ് ഇവർ അഭിപ്രായം. ചൂട് പ്രതിദിനം കൂടിവരികയും നോന്പ് അതിന്റെ മൂർദ്ധന്യത്തിലേക്ക് കടക്കുകയും ചെയ്യുന്നതിനൊപ്പം പഴവർഗ്ഗങ്ങളുടെ വിൽപ്പനയും കൂടുതൽ ഉൗർജിതമാകുമെന്നാണ് കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്.