മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡ് നോക്കുകുത്തി
1281744
Tuesday, March 28, 2023 12:38 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ രണ്ട് ഗൈനക്കോളജിസ്റ്റും രണ്ട് അനസ്തേഷ്യ ഡോക്ടറും ഉണ്ടായിട്ടും ഗർഭിണികൾക്ക് സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ട അവസ്ഥ. ആശുപത്രിയിൽ എത്തുന്പോൾ രാത്രികാലങ്ങളിൽ പരിചരിക്കാൻ ഡോക്ടർമാർ ഉണ്ടാവില്ലെന്ന് പറഞ്ഞ് പറഞ്ഞയക്കുകയാണെന്നാണ് പരാതി.
തീരെ നിവൃത്തിയില്ലാത്ത ഒന്നോ രണ്ടോ പേരെ മാത്രമാണ് അഡ്മിറ്റ് ആക്കുന്നത്. ഇതോടെ മാസത്തിൽ 150 മുതൽ 200 വരെ പ്രസവം നടന്നിരുന്ന താലൂക്ക് ആശുപത്രിയിൽ ഇപ്പോൾ അഞ്ചിൽ താഴെയായി കുറഞ്ഞു. കഴിഞ്ഞ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ ചില അംഗങ്ങൾ ഇക്കാര്യം പറഞ്ഞെങ്കിലും ഡോക്ടർമാർ അത് കാര്യമാക്കുക പോലും ചെയ്തില്ല. വേണമെങ്കിൽ ഡോക്ടർമാരെ അധികം നിയമിച്ചോളൂവെന്നും നിലവിലുള്ള ഡോക്ടർമാർ പറയുന്നു. ഇതോടെ പ്രതിസന്ധിയിലായത് ആദിവാസികൾ ഉൾപ്പെടെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളാണ്. ഇവരുടെ ആരോഗ്യ പരിചരണത്തിനായി കോടികൾ മുടക്കി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമെല്ലാം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഉണ്ടാക്കിയെങ്കിലും ഡോക്ടർമാരുടേയും ജീവനക്കാരുടെ അനാസ്ഥ കാരണം രോഗികൾക്ക് ആശുപത്രിയിലേക്ക് വരാൻ കൂടി കഴിയാത്ത അവസ്ഥയാണെന്നാണ് ആക്ഷേപമുയരുന്നത്. മുന്പുണ്ടായിരുന്ന ആശുപത്രി സൂപ്രണ്ട് ഡോ.എൻ.എൻ. പമീലിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ രോഗികൾക്ക് നൽകാൻ കഴിഞ്ഞിരുന്നു. ദിനംപ്രതി 1500 ഓളം രോഗികൾ ഒ പിയിൽ ചികിത്സക്കെത്തിയിരുന്നു.
മാസം ഇരുനൂറോളം പ്രസവവും താലൂക്ക് ആശുപത്രിയിൽ നടന്നിരുന്നു. ഇതിനിടെ താലൂക്ക് ആശുപത്രിയിലെ ഒരു ഗൈനക്കോളജിസ്റ്റ് രോഗികളിൽ നിന്നും കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് ഈ ഗൈനക്കോളജിസ്റ്റിനെ സ്ഥലം മാറ്റിയിരുന്നു. തുടർന്നുവന്ന ഡോക്ടർമാരാണ് ഗർഭിണികളെ അഡ്മിറ്റ് ആക്കുന്നതിൽ നിന്നും വിമുഖത കാണിക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്.