അജഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
1280297
Thursday, March 23, 2023 11:10 PM IST
കുഴൽമന്ദം: തേങ്കുറുശിയിൽ അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തേങ്കുറുശി തെക്കേക്കര കോട്ടപ്പള്ളം വീട്ടിൽ ഉഷയാണ് (42) മരിച്ചത്. ബുധനാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം.
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ അടുക്കളയിലാണ് രക്തം വാർന്നനിലയിൽ കണ്ടെത്തിയത്. ഉടനെ കാഴച്പ്പറന്പിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. വടക്കഞ്ചേരി മേരിമാതാ സ്വദേശി ഉഷയും ഭർത്താവും സുരേന്ദ്രനും ഒരു വർഷം മുന്പാണ് കോട്ടപ്പള്ളയിൽ താമസമാക്കിയത്.
കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി ഭർത്താവ് മാറി താമസിക്കുകയായിരുന്നു. ഉഷയും സുരേന്ദ്രനും തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസും സംശയിക്കുന്നു.
വെട്ടേറ്റ ഉഷയാണ് ചുവുട്ടുപാടത്തെ സുഹൃത്തിനെ വിവരം അറിയിച്ചത്. ഇയാൾ വിവരം അറിയിച്ചതോടെയാണ് പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമീപത്തുള്ള ആരുമായി ബന്ധമില്ല. ആക്രമണവിവരം അറിയാൻ താമസിച്ചതാണ് രക്തം കൂടുതൽ വാർന്നൊഴുകുന്നതിനിടയാക്കിയത്. ഭർത്താവ് സുരേന്ദ്രന് വേണ്ടി കുഴൽമന്ദം പോലീസ് തെരച്ചിൽ ഊർജിതമാക്കി.