കർഷകരുടെ പ്രതിഷേധം വിജയിച്ചു; കാരാകുർശി കനാലിൽ വെള്ളമെത്തി
1280074
Thursday, March 23, 2023 12:26 AM IST
കല്ലടിക്കോട്: കർഷകരുടെ പ്രതിഷേധം വിജയം കണ്ടു, കാരാകുറുശ്ശി മേഖലയിലെ കനാലിൽ വെള്ളമെത്തി. കൃഷിക്കാർക്കും നാട്ടുകാർക്കും ആശ്വാസമായി.
കാരാകുറുശ്ശി, പൊന്പ്ര, എലന്പുലാശ്ശേരി മേഖലയിലെ കനാലുകളിൽ വെള്ളം ലഭിക്കാത്തതിൽ കർഷകർ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ ജലസേചന വകുപ്പ് ഓഫിസിനു മുൻപിൽ പ്രതിഷേധിച്ചിരുന്നു.
കാഞ്ഞിരപ്പുഴയിൽ നിന്ന് കനാൽ വഴി തുടർച്ചയായി 45 ദിവസം വെള്ളം തുറന്നു വിട്ടിട്ടും വെള്ളമെത്താത്തതിൽ കർഷകർ ആശങ്കയിലായിരുന്നു. പ്രദേശത്തെ കിണറുകളിലും വെള്ളം താഴ്ന്നു. കർഷക പ്രതിഷേധത്തെ തുടർന്നാണു അധികൃതർ വെള്ളം തുറന്നു വിട്ടത്.
ഇതോടെ കാരാകുറുശ്ശി, തണ്ണീർ പന്തൽ, കരിയോട് മേഖലയിൽ വെള്ളമെത്തി, വരും ദിവസങ്ങളിൽ പ്രശ്നമേഖലകളിൽ വെള്ളമെത്തുമെന്ന വിശ്വാസത്തിലാണു കർഷകരും നാട്ടുകാരും.