വിദ്യാർഥികളെ ജീപ്പിൽ പരീക്ഷാഹാളിൽ എത്തിച്ച പോലീസ് സേനയ്ക്ക് ആദരം
1279263
Monday, March 20, 2023 12:43 AM IST
കൊല്ലങ്കോട്: ആലന്പള്ളം നിലന്പതി പാലത്തിൽ വാഹനത്തിന്റെ യന്ത്രതകരാറു മൂലം ഗതാഗത തടസമുണ്ടായതിനാൽ പരീക്ഷ ഹാളിലെത്താൻ കഴിയാതെ ആശങ്കയിലായ മൂന്നു വിദ്യാർഥിനികൾക്ക് സഹായവുമായെത്തിയ കൊല്ലങ്കോട് പോലീസിനു നാടിന്റെ ആദരം.
കെ.നവ്യ, എം.മീര, യു.കാവ്യ എന്നീ പ്ലസ് വണ് വിദ്യാർത്ഥിനികൾക്കാണ് പോലീസിന്റെ സമയോചിത യാത്രാസഹായം ലഭിച്ചത്.
എസ്എച്ച്ഒ ഇൻസ്പെക്ടർ എ.വിപിൻദാസും സംഘവുമാണ് വിദ്യാർത്ഥിനികളെ ജീപ്പിൽ വണ്ടിത്താവളം സ്കൂളിൽ എത്തിച്ച് സേവനത്തിന് മാതൃകയായത്. പോലീസ് സംഘത്തിന്റെ അവസരോചിതമായ സേവനം അഭിമാനകരമാണെന്ന് കെ.ബാബു എംഎൽഎ ആദരിക്കൽ ചടങ്ങിൽ പറഞ്ഞു. ആർ.കുമരേശൻ, എ.കാജാ ഹുസൈൻ, വി.പി.ഷണ്മുഖൻ, എ.സാദിഖ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.