കൊയ്ത്ത് കഴിഞ്ഞു, നെൽപ്പാടങ്ങളിലെ വൈക്കോലിന് ആവശ്യക്കാർ എത്തി തുടങ്ങി
1278795
Sunday, March 19, 2023 12:08 AM IST
നെന്മാറ: രണ്ടാം വിള കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങളിലെ വൈക്കോലിന് ആവശ്യക്കാരെത്തി തുടങ്ങി.
സാധാരണ കൊയ്തു കഴിഞ്ഞ് ദിവസങ്ങളോളം വൈക്കോൽ പാടത്ത് കിടന്ന് ഉണങ്ങിയ ശേഷം കർഷകൻ തന്നെ സ്വന്തം ചെലവിൽ മൂന്നടി വലിപ്പമുള്ള കെട്ടിന് 40 രൂപയും രണ്ടര അടി വലിപ്പമുള്ള കെട്ടിന് 30 രൂപയും കണക്കിൽ സ്വന്തം ചെലവിൽ വൈക്കോൽ റോൾ ആക്കി മാറ്റി വില്ക്കുകയോ സൂക്ഷിക്കുകയോ ചെയ്യാറാണ് പതിവ്. ഇക്കുറി പുതിയ വൈക്കോലിന് കോഴിക്കോട് മേഖലയിൽ നിന്ന് ആവശ്യക്കാർ എത്തിയതോടെ നെന്മാറ മേഖലയിലെ കർഷകർക്ക് അധ്വാനം കുറഞ്ഞു.
ഒരേക്കർ നെൽപ്പാടത്തെ വൈക്കോലിന് 5000 രൂപ മൊത്ത വില കർഷകന് നൽകുന്ന രീതിയിലാണ് വ്യാപാരികൾ വൈക്കോൽ വാങ്ങുന്നത്. കൊയ്തു കഴിഞ്ഞ് ഒരു ദിവസം ഉണങ്ങിയ ഉടൻ തന്നെ വ്യാപാരികൾ അവരുടെ ചെലവിൽ യന്ദ്രം ഉപയോഗിച്ച് വൈക്കോൽ റോളുകളാക്കി ലോറിയിൽ കയറ്റി കൊണ്ടുപോകുന്നതിനാൽ കർഷകർക്ക് മഴ നനയുമെന്നോ കൊയ്ത നെല്ല് ഉണക്കുന്നതിനിടെ വൈക്കോലിന് കേടുപറ്റുമോ എന്നീ ആശങ്കകൾ ഇല്ലാതെ വില്പ്പന നടത്താൻ കഴിയുന്നുവെന്ന ആശ്വാസത്തിലാണ് മേഖലയിലെ കർഷകർ.
ഏക്കറിന് 5000 രൂപ നിരക്കിൽ വില നിശ്ചയിക്കുന്നതെങ്കിലും ഒരേക്കറിൽ ചുരുങ്ങിയത് 50 മുതൽ 60 വരെ റോൾ വൈക്കോൽ ലഭിക്കും എന്നതിനാൽ ശരാശരി 100 രൂപയ്ക്ക് അടുത്ത് മറ്റു ചിലവുകൾ ഒന്നും ഇല്ലാതെ വില ലഭിക്കുന്നുണ്ടെന്ന് കർഷകനായ മുരളീധരൻ ഇടിയംപൊറ്റ പറഞ്ഞു.
വൈക്കോലുകൾ സൂക്ഷിക്കാൻ സൗകര്യമുള്ളവർ വർഷ കാലത്ത് വൈക്കോൽ ഇരട്ടി വിലയ്ക്ക് വില്ക്കാറുണ്ടെങ്കിലും നെൽപ്പാടത്ത് നിന്ന് റോൾ ചെയ്ത് കൊണ്ടുവന്ന് സൂക്ഷിക്കുന്ന ചെലവും മറ്റും നോക്കുന്നതിനേക്കാൾ ലാഭവും സർക്കാർ നെല്ല് സംഭരണം വൈകുന്നതു മൂലം വൈക്കോലിന് വില ഉടനടി ലഭിക്കുന്നത് ആശ്വാസമാണെന്നും കർഷകർ പറയുന്നു.
കോഴിക്കോട് മേഖലയിലുള്ള ഫാം നടത്തുന്നവരും മറ്റുമാണ് വൈക്കോൽ മൊത്തമായി വാങ്ങിക്കൊണ്ടു പോകുന്നത്. അവർ തന്നെ തൊഴിലാളികളെയും കൊണ്ടുവന്ന് വൈക്കോൽ ലോറികളിൽ കൊണ്ടു പോകുന്നത്.