പഴന്പാലക്കോട് സംഘർഷം: എട്ട് സിപിഎം പ്രവർത്തകർ കൂടി കീഴടങ്ങി
1278790
Sunday, March 19, 2023 12:07 AM IST
ആലത്തൂർ: പഴന്പാലക്കോട് ഉണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ എട്ടു സിപിഎം പ്രവർത്തകർ കൂടി പോലീസിൽ കീഴടങ്ങി. ഇതോടെ കീഴടങ്ങിയവരുടെ എണ്ണം 15 ആയി. ആലത്തൂർ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതികളെ ബലമായി മോചിപ്പിച്ച കേസിൽ അഞ്ച് പേരും പഴന്പാലക്കോട് വീട് കയറി ആക്രമണം നടത്തിയ കേസിലെ മൂന്നുപേരും ഉൾപ്പെടെ എട്ട് പേരാണ് കീഴടങ്ങിയത്.
സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. പൊന്നുകുട്ടൻ (54), ഡിവൈഎഫ്ഐ കാവശേരി മേഖലാ സെക്രട്ടറി അജ്മൽ (26), ഡിവൈഎഫ്ഐ ആലത്തൂർ മേഖലാ കമ്മിറ്റി അംഗങ്ങളായ റെനിരാജ് (31), അക്ഷയ്കുമാർ (28), ഡിവൈഎഫ്ഐ കാട്ടുശേരി മേഖലാ സെക്രട്ടറി സന്തോഷ് (36) എന്നിവർ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതികളെ ബലമായി മോചിപ്പിച്ച കേസിലും സിപിഎം പഴന്പാലക്കോട് വടക്കേപാവടി ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ (45), തരൂർ പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറും സിപിഎം പ്രവർത്തകനുമായ ദേവദാസ് (30), സിപിഎം കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറി സുബൈർ (40) എന്നിവർ പഴന്പാലക്കോട് വീട് കയറി ആക്രമിച്ച കേസിലും പോലീസിൽ കീഴടങ്ങി.
ഈ കേസിൽ നേരത്തെ 7 സിപിഎം പ്രവർത്തകർ പോലീസിൽ കീഴടങ്ങിയിരുന്നു ഇവർ ഇപ്പോൾ റിമാൻഡിലാണ്. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് പോലീസ് നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.