ചിനക്കത്തൂർ പൂരത്തിനു മുന്നോടിയായി തോല്‍പ്പാവക്കൂത്ത് ആരംഭിച്ചു
1265934
Wednesday, February 8, 2023 1:05 AM IST
ഒറ്റപ്പാലം: ചിനക്കത്തൂരില്‍ പൂരത്തിനു മുന്നോടിയായുള്ള തോല്‍പ്പാവക്കൂത്ത് ആരംഭിച്ചു. 17 ദിവസമാണു ഇവിടെ പാവക്കൂത്ത് നടക്കുന്നത്. കമ്പരാമായണത്തിലെ സേതുബന്ധനം മുതല്‍ ശ്രീരാമപട്ടാഭിഷേകം വരെയുള്ള ഭാഗങ്ങളാണു പാവകളിയിലൂടെ അവതരിപ്പിക്കുന്നത്. ദേവസ്വം കൂത്തോടെയായിരുന്നു തുടക്കം.
ഇനിയുള്ള ഏഴുദിവസങ്ങളില്‍ തട്ടകത്തിലെ എഴു ദേശക്കമ്മിറ്റികളുടെ വകയാണു തോല്പാവക്കൂത്ത് നടക്കുക.
ചിനക്കത്തൂരില്‍ മൂന്നുപതിറ്റാണ്ടു പിന്നിട്ട പാലപ്പുറത്തെ എ.സദാനന്ദ പുലവരും സംഘവുമാണു കൂത്ത് അവതരിപ്പിക്കുന്നത് തോല്പാവക്കൂത്ത് സമാപിക്കുന്ന 23നാണു പൂരം കൊടിയേറ്റം.
പൂരത്താലപ്പൊലി മാര്‍ച്ച് നാലിനും കുമ്മാട്ടി അഞ്ചിനും ആഘോഷിക്കും. ആറിനാണ് പ്രസിദ്ധമായ ചിനക്കത്തൂര്‍ പൂരം. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയ ശേഷമെത്തുന്ന പൂരത്തെ വര്‍ണാഭമാക്കാനുള്ള തയാറെടുപ്പുകളാണു ദേശങ്ങളില്‍ പുരോഗമിക്കുന്നത്.
തോല്പ്പാവക്കൂത്തിനൊപ്പം ഒരു മാസത്തോളം നീളുന്ന കലാസാംസ്കാരിക പരിപാടികള്‍ക്കും ഇന്ന് അരങ്ങുണരും. ദേവസ്വം കൂത്തിനോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് നൃത്തപരിപാടികളും അരങ്ങിലെത്തി. രാത്രി 10നു കൂത്തുമാടം കൊട്ടിക്കയറിയ ശേഷം കമ്പംകത്തിക്കലും കരിമരുന്നു പ്രയോഗവും നടന്നു.