ബൈബിൾ കത്തിച്ചതിനെതിരേ കത്തീഡ്രൽ ദേവാലയത്തിൽ ആയിരങ്ങളുടെ പ്രതിഷേധം
1265323
Monday, February 6, 2023 1:10 AM IST
പാലക്കാട്: ബൈബിൾ കത്തിച്ച സംഭവത്തിൽ പ്രതിഷേധവുമായി പാലക്കാട് കത്തീഡ്രൽ സെന്റ് റാഫേൽസ് ഇടവക ദേവാലയത്തിലെ വിശ്വാസികൾ.
ഇക്കഴിഞ്ഞ ജനുവരി 31ന് കാസർഗോഡ് ജില്ലയിൽ ക്രൈസ്തവരുടെ പരമോന്നത ഗ്രന്ഥമായ ബൈബിൾ തുറന്നു വച്ച് അതിൽ മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്ന രംഗം വീഡിയോയിലൂടെ പ്രചരിപ്പിച്ചതിനെതിരേയായിരുന്നു വിശ്വാസികളുടെ പ്രതിഷേധം.
ഇന്നലെ രാവിലെ 6:30ന്റെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക ദേവാലയത്തിൽ ചേർന്ന യോഗത്തിൽ പ്രതിഷേധ പ്രകടനപത്രിക പാസാക്കി.
ഒന്പതിനുള്ള വിശുദ്ധ കുർബാനയ്ക്കു ശേഷം പാലക്കാട് ബൈബിൾ അപ്പോസ്തോലറ്റ് ഡയറക്ടർ ഫാ. ജെയിംസ് ചക്യാത്ത് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിശ്വാസി സമൂഹം വിശുദ്ധ ഗ്രന്ഥവും ക്രിസ്തുവും ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്ര സ്ഥാനവും അത്താണിയുമാണെന്ന് പ്രഘോഷിച്ചു ബൈബിൾ വഹിച്ചു പളളിക്കുചുറ്റും വിശ്വാസ പ്രഖ്യാപന റാലി നടത്തി.
സമൂഹത്തിന് ഹാനികരമായ ഇത്തരം പ്രവണതകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ സാധിക്കുന്നതല്ലെന്നും ഇത്തരം നടപടികൾ സ്വീകരിച്ചവർക്ക് വേണ്ടത്ര രീതിയിൽ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
പ്രതിഷേധ പ്രകടനങ്ങൾക്ക് വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. നിതിൻ മണിയങ്കേരിക്കളം, ഫാ. റ്റിറ്റോ കൊട്ടിയാനിക്കൽ, കൈക്കാരന്മാർ എന്നിവർ നേതൃത്വം നൽകി.