കൊളാഷ് പൊതുജന സമർപ്പണം
1264991
Sunday, February 5, 2023 12:25 AM IST
ചിറ്റൂർ: ടൗണ്‍ ഗവണ്മെന്റ് യുപി സ്കൂളിൽ പ്രത്യാശയുടെ നിറവിലേക്ക് എന്ന ആശയവുമായി 15 അടി വലിപ്പത്തിലുള്ള കൊളാഷ് ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാൻ കെ.എൽ കവിത പൊതുജന സമർപ്പണം നടത്തി. സമൂഹത്തിൽ കണ്ടുവരുന്ന എല്ലാ അരുതുകളുടെ കൂട്ടിൽ നിന്നും സ്വതന്ത്ര്യത്തിന്റെ തുറന്ന വാതായനങ്ങളിലേക്ക് ജനാധിപത്യ രീതിയിൽ പറന്നുയരുന്ന വെണ്‍പ്രാവുകളായി മാറാൻ ഓരോ കുരുന്നിന്നും കഴിയട്ടെ എന്ന സന്ദേശമാണ് ഈ സൃഷ്ടിയിലൂടെ ലക്ഷ്യമിടുന്നത്.
കൊളാഷിലെ ഓരോ ചിത്രങ്ങൾക്കും ഓരോ ആശയത്തിലൂന്നിയ സന്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. മദ്യം, മയക്കുമരുന്ന്, സ്ത്രീ ചൂഷണം, ജാതിയതാ, ലിംഗ അസമത്വം, ഭരണഘടന എന്നിങ്ങനെ സമുഹത്തിൽ ഒന്നിക്കുന്ന എല്ലാ അനീതികളിൽ നിന്നുമുള്ള മോചനം വിഷയമാക്കിയിരിക്കുകയാണ്. 1896 ആരംഭിച്ച് 127 വർഷം പൂർത്തിയാക്കുന്ന ഈ വിദ്യാലയം നഗരസഭ പ്രദേശത്തെ ആദ്യ പ്രൈമറി സ്കൂളാണ്.
വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഒന്നിച്ച് ഒരു മാസത്തെ യത്നത്തിലാണ കൊളാഷ് തയാറാക്കിയിരിക്കുന്നത്. പരിപാടിയിൽ പിടിഎ പ്രസിഡന്റ് കെ. ഷീജ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ബർത്തലോമിന സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ എം.ശിവകുമാർ, വാർഡ് കൗണ്‍സിലർ സുചിത്ര, എഇഒ കുഞ്ഞിലക്ഷ്മി ടീച്ചർ, ഉണ്ണികൃഷ്ണൻ, എംപിടിഎ പ്രസിഡന്റ് അജിത രഞ്ജിത്ത് എന്നിവർ സംസാരിച്ചു.