ഒറ്റപ്പാലം ഇൻഡോർ സ്റ്റേഡിയം പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി
1264989
Sunday, February 5, 2023 12:23 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം ഇൻഡോർ സ്റ്റേഡിയം പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. ബജറ്റിൽ പണമില്ല. ബാസ്കറ്റ് ബോൾ, വോളിബോൾ, ബാഡ്മിന്റണ് കോർട്ടുമടങ്ങിയ ഇൻഡോർ സ്റ്റേഡിയം വേണമെന്ന ഒറ്റപ്പാലത്തിന്റെ ആവശ്യമാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്.
ഈ ബജറ്റിൽ പദ്ധതിക്കാവശ്യമായ തുകയുണ്ടാവുമെന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. പത്ത് വർഷം മുന്പ് ഒറ്റപ്പാലത്ത് ഇത്തരത്തിൽ ഒരു സ്റ്റേഡിയം വരുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ ഇതിനുവേണ്ടി ഒരു നടപടി പോലും ഉണ്ടായില്ല. സ്റ്റേഡിയം നിർമ്മിക്കാനുള്ള സ്ഥലത്തിന്റെ കാര്യത്തിലുള്ള സാങ്കേതിക പ്രശ്നങ്ങളാണ് പദ്ധതി വൈകുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കണ്ണിയംപുറം പഴയ ഓഫീസ് കെട്ടിടം പുതുക്കിയാണ് ഇൻഡോർ സ്റ്റേഡിയം പണിയാൻ പദ്ധതി ഇട്ടത്.
പദ്ധതി പ്രഖ്യാപനം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമ്മാണ വിഭാഗം പരിശോധനകൾ പൂർത്തിയാക്കി വിശദമായ പദ്ധതി രേഖയും തയ്യാറാക്കി. ജലസേചന വകുപ്പിൽ നിന്നു സ്ഥലം വിട്ടുകിട്ടാതെ വന്നതോടെ പദ്ധതി എങ്ങുമെത്താതായി. രണ്ടു വകുപ്പുകൾ തമ്മിൽ സ്ഥലം കൈമാറ്റം ചെയ്യുന്നതിലെ നിയമക്കുരുക്കുകളാണ് സ്റ്റേഡിയം പദ്ധതിക്ക് പാരയായത്.
നാലു കോർട്ടുകൾ അടങ്ങിയ ഇൻഡോർ സ്റ്റേഡിയം ആണ് കണ്ണിയംപുറത്ത് വരാനിരുന്നത്. ബാസ്ക്കറ്റ്ബോൾ, ബാഡ്മിൻറണ്, വോളിബോൾ, തുടങ്ങിയവയുടെ കോർട്ടുകൾ ആണ് നിർമ്മിക്കാൻ ഇരുന്നത്. 2015 തയ്യാറാക്കിയ പദ്ധതി രേഖ പ്രകാരം ആദ്യ നിലയിൽ ജലസേചന ഓഫീസും രണ്ടാം നിലയിൽ ഗ്യാലറി യോട് കൂടിയ ഇൻഡോർ സ്റ്റേഡിയവും ആണ് പദ്ധതിയിൽ ഉണ്ടായിരുന്നത്. പദ്ധതി അന്ന് നടപ്പാക്കുകയാണെങ്കിൽ അഞ്ചു കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ഇനി നടപ്പാക്കുകയാണെങ്കിൽ അഞ്ചു കോടി രൂപ കൊണ്ട് പൂർത്തിയാക്കാനാവില്ല.പദ്ധതിരേഖ വീണ്ടും സമർപ്പിച്ചു ഇനിയും ഫണ്ട് അനുവദിക്കേണ്ടി വരും എന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. അതേസമയം സ്റ്റേഡിയം വരുന്നത് കൂടുതൽ കായികതാരങ്ങൾക്ക് ഉപകാരപ്രദമാകുമെന്നും, കായിക മികവിനൊപ്പം പരിശീലനം നടത്താൻ കഴിയും എന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദ്യാലയങ്ങൾ കൂടുതലുള്ള സ്ഥലമാണ് ഒറ്റപ്പാലം. ഇവിടത്തെ വിദ്യാർഥികൾക്ക് കൃത്യമായ പരിശീലനങ്ങൾ നൽകാൻ സംവിധാനം ഇല്ലാത്തത് കായിക മുരടിപ്പിന് കാരണമാകുന്നുണ്ട്. ഈ ബഡ്ജറ്റിലും ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല.