കരിന്പ ലിറ്റിൽ ഫ്ളവർ പള്ളിയിലെ മോഷണം: പ്രതി അറസ്റ്റിൽ
1264141
Thursday, February 2, 2023 12:33 AM IST
കല്ലടിക്കോട്: കരിന്പ ലിറ്റിൽ ഫ്ളവർ പള്ളിയിൽ നിന്നു എട്ടുലക്ഷം രൂപ മോഷണം നടത്തിയ പ്രതിയെ അറസ്റ്റുചെയ്തു.
കഴിഞ്ഞ വർഷം ഏപ്രിൽ ഏഴിനാണ് പണം മോഷണം പോയത്. പള്ളി പുതുക്കിപ്പണിയുന്നതിനായി സൂക്ഷിച്ചിരുന്ന പണമാണ് ആളില്ലാത്ത സമയം നോക്കി തട്ടിയെടുത്തത്. കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ബാംഗളൂർ കടപ്പക്കോട് ജനപ്രിയ അപാർട്ട്മെന്റിലെ മാത്യുവിന്റെ മകൻ അലക്സ് സൂര്യയാണ് പിടിയിലായത്. ഗോവ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ കല്ലടിക്കോട് പോലീസ് കേരളത്തിൽ എത്തിച്ചു.
തെളിവെടുപ്പിനു ശേഷം ഗോവ സെൻട്രൽ ജയിലിലേക്ക് തന്നെ കൊണ്ടുപോകും. എറണാകുളം സ്വദേശിയായ അലക്സ് സൂര്യ പള്ളികൾ കേന്ദ്രീകരിച്ചാ യിരുന്നു മോഷണം നടത്തിയിരുന്നത്. ആറു ഭാഷകൾ സംസാരിക്കുന്ന ഇയാൾ ഗോവ, ഹിമാചൽ തുടങ്ങിയ സ്ഥലങ്ങളിൽ മയക്കുമരുന്ന് കേസ് അടക്കം ഒട്ടേറെ കേസിലെ പ്രതിയാണ്. കള്ളനെ പിടികൂടിയ കല്ലടിക്കോട് പോലീസിനെ വികാരി ഫാ. നിമിഷ് ചുണ്ടൻകുഴിയും ഇടവക ജനങ്ങളും അനുമോദിച്ചു.