ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ മുഖം മിനുക്കി കാഞ്ഞിരപ്പുഴ ഉദ്യാനം
1246749
Thursday, December 8, 2022 12:23 AM IST
ഉണ്ണികൃഷ്ണൻ മണ്ണാർക്കാട്
മണ്ണാർക്കാട് : ഇത്തവണത്തെ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ പൊളിക്കും. ആഘോഷം വൻ വിജയമാക്കാൻ കാഞ്ഞിര പ്പുഴ ഉദ്യാന പരിപാലന കമ്മിറ്റി തീരുമാനിച്ചു. കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ നടത്തിപ്പ് ഉദ്യാന പരിപാലന കമ്മിറ്റി ഏറ്റെടുത്തതിനു ശേഷം രണ്ടാമത്തെ ക്രിസ്മസ് പുതുവത്സരാഘോഷമാണ് വരുന്നത്.
ഇതിനിടെയാണ് മൂന്ന് യുവകലാകാരന്മാർ അവരുടെ കരവിരുത് പ്രകടിപ്പിക്കാൻ സ്ഥലം അന്വേഷിച്ചു നടക്കുന്ന വിവരം ഉദ്യാന പരിപാലന കമ്മിറ്റി അറിയുന്നത്. ഉദ്യാന പരിപാലന കമ്മിറ്റിയിലെ സജീവ അംഗവും കെപിഐപി ഫസ്റ്റ് ഗ്രേഡ് ഓവർസിയറുമായ എസ്. വിജു ഇവരുടെ കലാവിരുത് പ്രകടിപ്പിക്കാനുള്ള സ്ഥലമായി ഉദ്യാനത്തിന്റെ പ്രവേശന കവാടം തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു.
കഴിഞ്ഞ 20 ദിവസത്തെ കഠിനപ്രയത്നം കൊണ്ട് ഈ കലാകാരന്മാർ കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ കവാട ഭംഗി ആകർഷണീയമാക്കി. തെയ്യവും കഥകളി വേഷവും പ്രാചീന കലാരൂപങ്ങളുമെല്ലാം ഒത്തിണങ്ങിയ വേഷങ്ങൾ ഉദ്യാന കവാടത്തിന്റെ ചുമരുകളിൽ നിറഞ്ഞു. സംസ്ഥാനത്തു തന്നെ ഇത്രയും ഭംഗിയുള്ള കലാരൂപങ്ങളെ കൊണ്ട് നിറഞ്ഞ ഒരു പ്രവേശന കവാടം ഇല്ലെന്നുതന്നെ പറയാം. മണ്ണാർക്കാട് സ്വദേശി ശ്യാം, തെങ്കര മുതുവല്ലി സ്വദേശി എം. വൈശാഖ്, മുതുകുറുശി സ്വദേശി അഖിൽ എന്നിവരാണ് കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ കവാടം അലങ്കരിച്ചത്. കൊറോണ വന്നതോടെ ഉപേക്ഷിക്കേണ്ടി വന്ന തങ്ങളുടെ കല പുനരുജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഞ്ഞിരപ്പുഴ ഉദ്യാന കവാടം തീർത്തും സൗജന്യമായി അലങ്കരിച്ചതെന്ന് ഈ കലാകാരന്മാർ പറയുന്നു.
തങ്ങളുടെ കലാസൃഷ്ടി നാട്ടുകാർ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും ഇവർ ദീപികയോടു പറഞ്ഞു. 20 ദിവസത്തോളം രാത്രിയും പകലും കഠിനാധ്വാനം ചെയ്താണ് ഉദ്യാനം അലങ്കരിച്ചത്. ഇതു ചെറുതായി കാണാനാവില്ലെന്ന് കെ. ശാന്തകുമാരി എംഎൽഎ പറഞ്ഞു.
ഇവർക്ക് പ്രത്യുപകാരമെന്നോണം ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഉദ്യാനത്തിൽ നടക്കുന്ന ചടങ്ങിൽ ഇവരെ കാഷ് അവാർഡ് നൽകി ആദരിക്കുമെന്നും എംഎൽഎ പറഞ്ഞു.