സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണനത്തിന്റെ 50 ശതമാനം കേരള ചിക്കനിലൂടെ ഉത്പാദിപ്പിക്കുക ലക്ഷ്യം: മന്ത്രി രാജേഷ്
1245570
Sunday, December 4, 2022 12:56 AM IST
പാലക്കാട് : സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണനത്തിന്റെ 50 ശതമാനം കേരള ചിക്കനിലൂടെ ഉല്പാദിപ്പിക്കുക ലക്ഷ്യമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീ മിഷന്റെ കേരളാ ചിക്കൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃത്താല മേഴത്തൂർ റീജൻസി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴി വില കുതിച്ചുയർന്ന സാഹചര്യത്തിൽ കുടുംബശ്രീയെ ഉപയോഗിച്ച് വിപണിയിൽ ഇടപെടുക എന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ആറ് ജില്ലകളിൽ നടപ്പാക്കികൊണ്ടിരിക്കുന്ന കേരള ചിക്കൻ പദ്ധതി ജില്ലയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. നിലവിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയുടെ കേരള ചിക്കൻ ഒരു ബദലാണ്. കുടുംബശ്രീയുടെ ഇപ്പോഴത്തെ ലക്ഷ്യം വരുമാന വർധനവാണെന്നും അതിനുള്ള മാതൃകയാണ് കേരള ചിക്കനെന്നും മന്ത്രി പറഞ്ഞു. ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2019ൽ രൂപീകരിച്ച ബ്രോയിലേഴ്സ് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി മുഖേനയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
പദ്ധതി വഴി കോഴി കർഷകർക്കും ഒൗട്ട്ലെറ്റ് നടത്തുന്നവർക്കും വരുമാനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് നല്കി വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കന്പനി തന്നെ തിരികെയെടുത്ത് കുടുംബശ്രീയുടെ കേരളചിക്കൻ ഒൗട്ട് ലെറ്റുകൾ വഴി വിപണനം നടത്തും. ഫാം ഇന്റഗ്രേഷൻ മുഖേന വളർത്തുകൂലിയിനത്തിൽ കർഷകർക്കു പദ്ധതി മുഖേന സ്ഥിരവരുമാനം ലഭ്യമാകും.
അരക്കോടിയോളം സ്ത്രീകൾ അണിനിരക്കുന്ന കേരളത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായ കുടുംബശ്രീ 25 വർഷം പിന്നിടുന്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാസന്പന്നരായ വനിതകൾ കുടുംബശ്രീയുടെ ഭാഗമായി മാറി. ലോകം ശ്രദ്ധിച്ച മാതൃകയായ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.