പ്ലാച്ചിമട: കൊക്കക്കോളയുടെ ഭൂമി കൈമാറ്റം സർക്കാർ പിന്മാറണം
1245561
Sunday, December 4, 2022 12:54 AM IST
പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ നിയമ നടപടികൾ പൂർത്തീകരിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനു മുന്പ് കൊക്കക്കോളയുടെ ഭൂമി സർക്കാർ മറ്റൊരു കന്പനിക്ക് കൈമാറാൻ ശ്രമിക്കുന്നത് ആദിവാസി വഞ്ചനയാണെന്ന് പ്ലാച്ചിമട സമരസമിതിയും ഐക്യദാർഢ്യ സമിതിയും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
ട്രൈബ്യൂണൽ നടപടിക്രമങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം നൽകാൻ കൊക്കക്കോള തയാറാവുന്നില്ലെങ്കിൽ ജപ്തി നടപടിക്ക് വിധേയമാക്കേണ്ടതാണ്് ഈ ഭൂമിയും കെട്ടിടങ്ങളും.
അത് മുൻകൂട്ടി കയ്യൊഴിഞ്ഞ് നഷ്ടപരിഹാര പ്രശ്നത്തിൽ നിന്ന് തടിയൂരാനാണ് കന്പനി ശ്രമിക്കുന്നത്.
എസ്സി, എസ്ടി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് പ്രോസിക്യൂഷൻ നടപടിക്ക് വിധേയമാക്കേണ്ട കന്പനിയുമായി ഒത്തുകളിച്ച് ജനങ്ങൾക്ക് ലഭ്യമാക്കേണ്ട നഷ്ടപരിഹാരം തടയാനുള്ള രഹസ്യനീക്കമാണോ സർക്കാർ നടത്തുന്നത് എന്ന് സംശയമുണ്ടെന്നു സംഘടനകൾ ആരോപിച്ചു.
ട്രൈബ്യൂണൽ ബിൽ നിയമമാക്കി നഷ്ടരിഹാരം ലഭ്യമാക്കുന്നതു വരെ കൊക്കകോളയുടെ പ്ലാച്ചിമട ഭൂമി കൈമാറ്റം ചെയ്യാൻ അനുവദിക്കരുത് എന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.
സർക്കാർ ഈ നീക്കത്തിൽ നിന്നു പിന്മാറിയില്ലെങ്കിൽ കോളയുടെ ഭൂമി ജനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്ലാച്ചിമട സമരസമിതി പറഞ്ഞു.
ട്രൈബ്യൂണൽ സ്ഥാപിക്കാനുള്ള ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ പാസാക്കി നഷ്ടപരിഹാരം നല്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.