ഡിജിറ്റൽ റീസർവേയിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാം: മന്ത്രി
1245315
Saturday, December 3, 2022 1:01 AM IST
ചിറ്റൂർ: ഡിജിറ്റൽ റീസർവേയിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ തട്ടിപ്പുകളും തടയാൻ കഴിയുമെന്നു റവന്യൂമന്ത്രി കെ. രാജൻ.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ തത്തമംഗലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡിജിറ്റൽ റീസർവേയിലൂടെ ഭൂമിയുടെ അതിരുകൾ വ്യക്തമായി മനസിലാക്കാൻ കഴിയുന്ന ഡിജിറ്റൽ വേലിയാണ് കേരളത്തിൽ ഉണ്ടാവാൻ പോകുന്നത്.
സിവിൽ കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ പോലും ഭൂമിയുടെ അതിർത്തി നിമിഷങ്ങൾക്കകം കണ്ടെത്തുന്നത് ഉൾപ്പെടെയുളള കാര്യങ്ങൾ ഇത്തരം സംവിധാനങ്ങളിലൂടെ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ അഞ്ച് ജില്ലകൾ ഇതിനകം ഇ ജില്ലകളായി മാറിക്കഴിഞ്ഞു.
പ്ലാൻ ഫണ്ടിൽ നിന്നുള്ള വിഹിതത്തിനു പുറമേ എംഎൽഎമാരുടെ വിഹിതം കൂടി ഉപയോഗിക്കാൻ തീരുമാനിച്ചതോടെ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളും ഒരു വർഷത്തിനകം പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാക്കാൻ കഴിയും.
ഇതിലൂടെ വില്ലേജ് ഓഫീസുകളുമായി ബന്ധപ്പെട്ട വിവര കൈമാറ്റം വേഗത്തിലാവും. ഒരു വർഷത്തിനകം പാലക്കാടും സന്പൂർണ ഇ-ജില്ലയാകുമെന്നും മന്ത്രി പറഞ്ഞു.
തത്തമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൽ നടന്ന പരിപാടിയിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി.
കെ. ബാബു എംഎൽഎ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടർ മൃണ്മയി ജോഷി, എഡിഎം കെ. മണികണ്ഠൻ, അസിസ്റ്റന്റ് കളക്ടർ ഡി. രഞ്ജിത്ത്, ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സണ് കെ.എൽ കവിത, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ശിവദാസ്, സംസ്ഥാന നിർമ്മിതികേന്ദ്രം പാലക്കാട് റീജിയണൽ എൻജിനീയർ എം. ഗിരീഷ്, റവന്യൂ ഡിവിഷണൽ ഓഫീസർ ഡി. അമൃതവല്ലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.