പാലത്തിനുവേണ്ടി മാത്രമല്ല, തടയണയ്ക്കു വേണ്ടിയും
1243087
Friday, November 25, 2022 12:36 AM IST
ഷൊർണൂർ: അധികാരികളറിയാൻ... പട്ടാന്പിക്കാർ പാലത്തിനുവേണ്ടി മാത്രമല്ല, തടയണയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പും തുടരുകയാണ്. പട്ടാന്പിക്കാരുടെ പ്രധാനപ്പെട്ട രണ്ടാവശ്യങ്ങളും നിറവേറാത്ത സ്ഥിതിയാണ്.
പുതിയ പാലവും തടയണയും ഇനിയെന്ന് നിർമാണം തുടങ്ങുമെന്ന കാര്യം കണ്ടറിയണം. പട്ടാന്പിയിൽ നിലവിലുള്ള പാലത്തിനുസമീപം കിഴായൂർ നന്പ്രം ഭാഗത്താണ് ഭാരതപ്പുഴയിൽ തടയണ നിർമിക്കാൻ ഇനിയും സാങ്കേതികാനുമതി ലഭിക്കാത്തത്.
കഴിഞ്ഞ ഡിസംബർ 18ന് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. നബാർഡ് സഹായത്തോടെ 32.5 കോടിരൂപ ചെലവിലാണ് തടയണ നിർമിക്കാൻ തീരുമാനിച്ചത്.
സാങ്കേതികാനുമതിക്കായി ജലസേചനവകുപ്പ് ചീഫ് എൻജിനിയർക്ക് വിശദ പദ്ധതിരേഖ സമർപ്പിച്ച് മാസങ്ങൾ പലത് കഴിഞ്ഞു. കാർഷികരംഗത്ത് വൻ മുന്നേറ്റത്തിനും കുടിവെള്ളക്ഷാമം തീർക്കാനും ഈ തടയണ ഉപകരിക്കും.
പട്ടാന്പി നഗരസഭയിലെ കിഴായൂരിലെയും തൃത്താല പഞ്ചായത്തിലെ ഞങ്ങാട്ടിരിയിലെയും തിരുമിറ്റക്കോട് പഞ്ചായത്തിലെയും ചെറുകിട ജലസേചന പദ്ധതികൾ വഴി 947 ഹെക്ടർ സ്ഥലത്ത് മുണ്ടകനും വിരിപ്പും പുഞ്ചയും പച്ചക്കറിയും കൃഷിചെയ്യാൻ തടയണ വന്നാൽ സാധിക്കുമെന്നതും പ്രധാന നേട്ടമാണ്. ഈ മേഖലയിലെ കിണറുകളിലും കുളങ്ങളിലും ജലലഭ്യത ഉറപ്പാക്കാനും സാധ്യമാകും.
ഏറെ താണ ഭൂഗർഭജലനിരപ്പ് ഉയരുകയും ചെയ്യും.
തടയണയിലെ ജലലഭ്യത കൊണ്ട് പട്ടാന്പി നഗരസഭ ശുദ്ധീകരിച്ച കുടിവെള്ളം വിതരണംചെയ്യാനുള്ള തയാറെടുപ്പും തുടങ്ങിയിരുന്നു.
ഇതിനായി പന്പ് ഹൗസും 16 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ജലസംഭരണിയും പണിയാൻ പദ്ധതിയുണ്ട്. കിഴായൂർ ഭാഗത്ത് ടൂറിസം പദ്ധതിക്കായി പട്ടാന്പി നഗരസഭ അഞ്ചുകോടിരൂപ ബജറ്റിൽ നീക്കിവച്ചിട്ടുമുണ്ട്. തടയണ വന്ന് ജലസമൃദ്ധിയുണ്ടായാൽ ഏറെ പ്രകൃതിരമണീയമായി ഇവിടം മാറും.
സാങ്കേതികാനുമതി കിട്ടി ടെൻഡർ നടപടികൾ വേഗത്തിലാക്കിയാലെ പണികൾ ആരംഭിക്കാൻ കഴിയൂ. 325 മീറ്റർ നീളത്തിൽ രണ്ടുമീറ്റർ ഉയരത്തിൽ തിരുമിറ്റക്കോട് ഭാഗത്തുനിന്ന് കിഴായൂർ നന്പ്രം ഭാഗത്തേക്കാണ് ഭാരതപ്പുഴയിൽ തടയണ നിർമിക്കുന്നത്.
ജനപ്രതിനിധികളുടെ അലംഭാവമാണ് പദ്ധതികൾ അനന്തമായി വൈകുന്നതെന്നാണ് ആക്ഷേപം.