അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സിപിഎം
1243085
Friday, November 25, 2022 12:35 AM IST
മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിലെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്റെ അഴിമതിആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമെന്ന് സിപിഎം തെങ്കരപഞ്ചായത്ത് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിഷയം കോണ്ഗ്രസ് ഏറ്റെടുത്തത് ഉത്തരവാദിത്വ ബോധമില്ലാത്തതും നീതിക്കു നിരക്കാത്തതുമാണെമന്നും ബിജെപിയുടെ വോട്ട് വാങ്ങിയാണ് ആരോഗ്യ സ്റ്റാന്റിംഗ് ചെയർമാൻ കെ.പി. ജഹീഫ് വിജയിച്ചത്.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനെന്ന നിലയിൽ ഉത്തരവാദിത്ത്ങ്ങൾ നിർവഹിക്കാതെയാണ് താനുൾപ്പെടുന്ന ഭരണസമിതിയേയും പ്രസിഡന്റിനേയും കണ്ണുംപൂട്ടി വിമർശിക്കുന്നത്. കോണ്ഗ്രസ് നേതാക്കളെ പോലും തെറ്റിദ്ധരിപ്പിച്ചാണ് പഞ്ചായത്തിനുമുന്നിൽ സമരം നടത്തുന്ന സാഹചര്യം പോലുമുണ്ടായത്. ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നു പഞ്ചായത്തിലെ ജനങ്ങൾക്കറിയാം.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എന്നതിലുപരി ഉപദേശകനായാണ് കെ.പി. ജഹീഫ് മാറുന്നത്. വാടക കെട്ടിടത്തിൽ അടിസ്ഥാന സൗകര്യമൊരുക്കേണ്ടതാണ് പിഎച്ച്സി ലാബിന്റെ ആരംഭം വൈകാൻ കാരണം. പിഎച്ച്സിക്ക് സ്വന്തം കെട്ടിടം പണിയാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിച്ചതിന് പഞ്ചായത്തിനു നല്കേണ്ട തുക ജിയോ കന്പനി അടച്ചിട്ടുണ്ട്. എന്നാൽ പഞ്ചായത്തിലേക്ക് നികുതി ഉൾപ്പെടെ കെ.പി. ജഹീഫ് അടക്കാനുള്ള തുക ഇനിയും അടച്ചിട്ടില്ല. തെങ്കര പഞ്ചായത്ത് പരിധിയിൽ നിരവധി കെട്ടിടങ്ങളുള്ള വ്യക്തിയാണ് കെ.പി. ജഹീഫ്. ഇയാളുടെ കെട്ടിടത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
തെങ്കര പഞ്ചായത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയതും ജഹീഫിനെ പ്രകോപിപ്പിച്ചിരുന്നു.
സിപിഎം ഏരിയാ കമ്മറ്റിയംഗം എം. വിനോദ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി, വൈസ്പ്രസിഡന്റ് ടിന്റു സൂര്യകുമാർ, മെന്പർ പി. അബ്ദുൾ ഗഫൂർ, പി. ബിനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.