എൽഎസ്എൻ ടിടിഐയിൽ പൂർവവിദ്യാർഥി സംഗമം
1228099
Friday, October 7, 2022 1:04 AM IST
ഒറ്റപ്പാലം : ഓർമചെപ്പു തുറന്ന് മധുര സ്മൃതികളയവിറക്കികൊണ്ട് അവർ ഒത്തുകൂടി. ഒറ്റപ്പാലം എൽഎസ്എൻ ടിടിഐയുടെ 1980-82 ബാച്ചിലുള്ളവരാണ് സ്കൂളങ്കണത്തിൽ വീണ്ടും ഒത്തുകൂടിയത്. നാലു പതിറ്റാണ്ടു മുന്‍പ് എൽഎസ്എൻ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന മഹാവിദ്യാലയത്തിന്റെ അക്ഷരമുറ്റത്ത് ഓടിക്കളിച്ച വിദ്യാർഥിനികൾ ഇന്ന് അധ്യാപന ലോകത്തിന്റെ ആരവങ്ങൾ ഇറക്കിവച്ച് അമ്മയും അമ്മായിയമ്മയും വല്യമ്മയുമായി വീണ്ടും ഒത്തുചേർന്നപ്പോൾ നാല്പതു സംവത്സരങ്ങളിലായി കേരളത്തിലങ്ങോളമിങ്ങോളമായി വ്യാപിച്ചു കിടന്നിരുന്ന ഈ ബന്ധം വീണ്ടും ഉൗട്ടി ഉറപ്പിക്കുകയായിരുന്നു.
അന്ന് അധ്യാപികമാരായ സിസ്റ്റർ മേഴ്സി, സിസ്റ്റർ സ്നേഹലത, ഇപ്പോഴത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസീന, ടിടിഐ പ്രിൻസിപ്പൽ സിസ്റ്റർ ജെസ്മി എന്നിവരുടെ കൂടി സാന്നിധ്യം ബാച്ചുകാരെ അതീവ സന്തുഷ്ടരാക്കി. നാല്പതു പേരുണ്ടായിരുന്ന അന്നത്തെ ബാച്ചിലെ മുപ്പത്തിരണ്ടുപേരും ഈ മുഹൂർത്തത്തിൽ പങ്കാളികളായി. രാവിലെ ഒന്‍പതുമണിക്ക് എൽഎസ്എൻടിടിഐ അങ്കണത്തിൽ ആരംഭിച്ച സംഗമത്തിൽ അനുഭവങ്ങൾ പങ്കുവയ്ക്കൽ, സംഘഗാനം, തിരുവാതിര, ഗ്രൂപ്പ് ഫോട്ടോ, സ്റ്റേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു. അന്‍പതാം വർഷത്തിൽ വീണ്ടും ഒത്തുചേരാമെന്ന പ്രതീക്ഷയിൽ വിങ്ങുന്ന മനസുമായി ഒരിക്കൽ കൂടിയവർ വിദ്യാലയത്തിന്റെ പടിക്കെട്ടിറങ്ങി.