ആശ്രയക്കിറ്റ് അഴിമതിയിൽ ഉത്തരവാദിത്വം നഗരസഭയ്ക്കെന്ന് സിപിഎം
1228091
Friday, October 7, 2022 1:03 AM IST
മണ്ണാർക്കാട് : ആശ്രയകിറ്റ് വിതരണം നഗരസഭയുടെ ഉത്തരവാദിത്തത്തിലാണ് നടക്കുന്നത്. ഇതിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാൻ ആവില്ലെന്ന് സിപിഎം മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി നേതാക്കൾ പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. നഗരസഭയ്ക്ക് ആവില്ലെങ്കിൽ സിപിഎം അക്കാര്യം ഏറ്റെടുക്കുമെന്നും നേതാക്കൾ പറഞ്ഞു. ഇക്കാര്യത്തിൽ എൽസി സെക്രട്ടറി ജയരാജിനെതിരെ ആരോപണമുന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്.
അദ്ദേഹത്തിന് ഇക്കാര്യത്തിൽ പങ്കില്ല. അദ്ദേഹം കണ്‍സ്യൂമർ ഫെഡിലെ ജീവനക്കാരനാണ് അല്ലാതെ ത്രിവേണിയിലെയല്ല. ത്രിവേണിയിലെ ജീവനക്കാരാണ് അഴിമതി നടത്തിയതെങ്കിൽ ആരായാലും ശിക്ഷിണമെന്നാണ് സിപിഎം നിലപാടെന്നും നേതാക്കൾ വ്യക്തമാക്കി. ചെയർമാന്റെ പല കള്ളത്തരങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
ഇതിലുണ്ടായ ജാള്യത മറച്ചുവയ്ക്കാനാണ് ഇത്തരം ആരോപണങ്ങളെന്നും നേതാക്കൾ പറഞ്ഞു. പാവപ്പെട്ടവർക്കു നല്കുന്ന ആശ്രയക്കിറ്റിൽ വിതരണം ചെയ്യുന്ന സാധനങ്ങളിൽ കുറവു വരുന്നത് അംഗീകരികാനാവില്ല. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും നേതാക്കൾ പാറഞ്ഞു. നേതാക്കളായ എം. വിനോദ് കുമാർ, ശോഭൻകുമാർ, ടി.ആർ. സെബാസ്റ്റ്യൻ, ജയരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.