വാൽപ്പാറയിൽ കാട്ടാന വീടും റേഷൻകടയും തകർത്തു
1226511
Saturday, October 1, 2022 12:48 AM IST
കോയന്പത്തൂർ: വാൽപ്പാറയ്ക്കു സമീപം സ്റ്റാൻമോർ എസ്റ്റേറ്റിൽ ഇന്നലെ രാത്രി കയറിയ കാട്ടാന റേഷൻ കടയും വീടും ഇരുചക്രവാഹനവും തകർത്തു. കോയന്പത്തൂർ വാൽപ്പാറ മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. വനം വിട്ട കാട്ടാനകൾ ഭക്ഷണം തേടി ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കുകയാണ്.
ജനവാസ കേന്ദ്രങ്ങളിൽ കയറി വീടുകളും റേഷൻ കട, സ്കൂൾ പോഷകാഹാര കേന്ദ്രവും മറ്റും നശിപ്പിക്കുന്ന ആനകൾ പൊതുജനങ്ങളിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്. ഇന്നലെ രാത്രി വാൽപ്പാറയ്ക്കടുത്തുള്ള സ്റ്റാൻമോർ എസ്റ്റേറ്റിലെ ജനവാസകേന്ദ്രത്തിൽ കാട്ടാന കയറി അവിടെയുള്ള ന്യായവില കട തകർക്കുകയും അതിനുള്ളിലെ അരിപ്പൊടിയും മറ്റും നശിപ്പിക്കുകയും ചെയ്തു. കൂടാതെ അവിടെയുള്ള വീടുകളിൽ കയറിയ കാട്ടാന അഖർ രാജിന്റെ വീടിന്റെ ജനലും വാതിലും തകർത്ത് വീടിനു പുറത്തുള്ള ഇരുചക്രവാഹനം വലിച്ചെറിഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ പ്രദേശത്തുനിന്ന് തുരത്തി. നഗരസഭാധ്യക്ഷൻ ആകാശ് സുന്ദരവല്ലി, വാർഡ് അംഗം ജെ. ഭാസ്കർ എന്നിവർ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ പരിശോധിച്ചു.