അട്ടപ്പാടിയിൽ ഇരുചക്ര വാഹനങ്ങൾക്കുനേരെ കാട്ടാനയാക്രമണം: നാലുപേർക്കു പരിക്ക്
1225801
Thursday, September 29, 2022 12:27 AM IST
അഗളി: അട്ടപ്പാടി പുതൂരിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് നേരെ കാട്ടാനയുടെ പരാക്രമം. ബൈക്കിൽ സഞ്ചരിച്ചിരുന്ന നാലാൾക്ക് വീണ് പരിക്കേറ്റു. പുതൂർ പഞ്ചായത്തിലെ ദോഡ്ഡുഗട്ടിയിൽ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. ദൊഡ്ഡുഗട്ടി ഉൗരിന് സമീപമാണ് സംഭവം. പരിക്കേറ്റ ദൊഡ്ഡുഗട്ടി സ്വദേശികളായ മുരുകേശൻ, സെൽവൻ, പഴനിസ്വാമി, പണലി എന്നിവർ അഗളി വിവേകാനന്ദ ആശുപത്രിയിൽ ചികിത്സ തേടി.
രണ്ടു ബൈക്കുകളിലായി സഞ്ചരിച്ചിരുന്ന ഇവരെ ഉൗരിന് സമീപം ഇറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു. മുരുകേശനും സെൽവനും സഞ്ചരിച്ചിരുന്ന സ്കൂട്ടി കാട്ടാന തുന്പിക്കൈ കൊണ്ട് കാട്ടിലേക്ക് എടുത്തെറിഞ്ഞു. തലനാരിഴക്കാണ് യുവാക്കൾ രക്ഷപ്പെട്ടത്. കൊളപ്പടിയിൽ ആദിവാസി സ്ത്രീയുടെ ചെറുധാന്യ കൃഷികളും കാട്ടാനകൾ നശിപ്പിച്ചു. കൊളപ്പടി ഉൗരിലെ കുറുന്പിയുടെ രണ്ടേക്കറോളം പഞ്ച കൃഷിയാണ് കാട്ടാനകൾ ചവിട്ടി മെതിച്ചത്. റാഗിയും, ചാമയും അടങ്ങുന്ന വിളവെടുപ്പിന് പാകമായ കൃഷിയാണ് നശിപ്പിച്ചത്.