തൽസൈനിക് ക്യാന്പ്; അശ്വിൻ ശങ്കറിന് സ്വർണ മെഡൽ
1225785
Thursday, September 29, 2022 12:25 AM IST
ഷൊർണൂർ: ഡൽഹിയിൽ നടന്ന തൽ സൈനിക് ക്യാന്പിൽ പങ്കെടുത്ത പട്ടാന്പി ഗവ കോളജിലെ എൻസിസി കേഡറ്റ് പി.അശ്വിൻ ശങ്കറിന് സ്വർണ്ണ മെഡൽ ലഭിച്ചു. ഹെൽത്ത് ആന്റ് ഹൈജീൻ വിഭാഗത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാന എൻസിസി ഡയറക്ടറേറ്റുകൾ തമ്മിൽ നടന്ന മൽസരത്തിലാണ് ഈ അപൂർവ നേട്ടം. കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയാണ് അശ്വിൻ ശങ്കർ. ജെഡിഎഫ്എസ് വിഭാഗത്തിൽ ഈ കോളജിലെ രണ്ടാം വർഷ ഫിസിക്സ് വിദ്യാർത്ഥിയായ അർജുൻ എം.ദാസും മൽസരത്തിൽ പങ്കെടുത്തു.
ഇരുവരും അടങ്ങുന്ന കേരള ആന്റ് ലക്ഷദ്വീപ് എൻസിസി ടീമാണ് സീനിയർ ഡിവിഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. പട്ടാന്പി കോളജിലെ എൻസിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് കേഡറ്റുകൾ തൽ സൈനിക് ക്യാന്പിൽ പങ്കെടുക്കുന്നതും സ്വർണ്ണ മെഡൽ നേടുന്നതും. ചരിത്രനേട്ടം കൈവരിച്ച എൻസിസി കേഡറ്റുകളെ പ്രിൻസിപ്പൽ ഡോ.ജെ. സുനിൽ ജോണ്, എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ.പി. അബ്ദു, പിടിഎ വൈസ് പ്രസിഡന്റ് ഡി.ബി. രഘുനാഥ് തുടങ്ങിയവർ അഭിനന്ദിച്ചു.