പുതുക്കോട് കരിയക്കുന്നിൽ വീട് തകർന്നുവീണു
1225404
Wednesday, September 28, 2022 12:30 AM IST
വടക്കഞ്ചേരി: പുതുക്കോട് ആറാം വാർഡ് കരിയകുന്നിൽ വീട് തകർന്നു വീണു.
കരിയംകുന്ന് പുട്ടാൻ വീട്ടിൽ സാറമുഹമ്മദ് കനിയുടെ വീടാണ് ഇന്നലെ ഉച്ചയ്ക്ക് തകർന്നു വീണത്. വീട്ടുകാർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്പോഴായിരുന്നു സംഭവം.
ശബ്ദം കേട്ട് എല്ലാവരും പുറകിലൂടെ പുറത്തേക്ക് ഓടിയതിനാൽ ദുരന്തം ഒഴിവായി. സാറയും മകൾ റാബിയ ഇവരുടെ മൂന്ന് വയസുള്ള മകൾ ഹംദ എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
വടക്കഞ്ചേരിയിൽ മർച്ചന്റ് ഫ്രണ്ട്
രൂപീകരിച്ചു
വടക്കഞ്ചേരി: ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വടക്കഞ്ചേരിയിൽ മർച്ചന്റ് ഫ്രണ്ട് എന്ന വ്യാപാര സംഘടനക്ക് രൂപം നൽകി. വ്യാപാരി വ്യവസായികളുടെ ക്ഷേമം സംരക്ഷിക്കുക എന്നതാണ് പുതിയ സംഘടന ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
രാഷ്ട്രീയത്തിനതീതമായി വ്യാപാരി ക്ഷേമത്തിനായി സംഘടന നിലകൊള്ളും. സന്തോഷ് അറയ്ക്കൽ- പ്രസിഡന്റ്, അജീഷ് വടക്കഞ്ചേരി- വൈസ് പ്രസിഡന്റ്, സുമേഷ് നാരായണൻ -ജനറൽ സെക്രട്ടറി, ഷാജി തളിക്കുളം -ഖജാൻജി എന്നിവരുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റിയാണ് തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വ്യാപാര സ്ഥാപന ഉടമകളും സ്ഥാപനങ്ങളിൽ രണ്ട് വർഷത്തിലധികം പ്രവൃത്തി പരിചയവുമുള്ള തൊഴിലാളികൾക്കും മെന്പർഷിപ്പ് നൽകുമെന്ന് കമ്മിറ്റി അറിയിച്ചു.