സിബിഎസ്ഇ സഹോദയ ജില്ലാ കലോത്സവം നാളെ മുതൽ
1224514
Sunday, September 25, 2022 12:44 AM IST
പാലക്കാട്: സഹോദയ ജില്ലാ കലോത്സവം സങ്കൽപ് 2കെ നാളെ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ ആരംഭിക്കും. 63 സ്കൂളുകളിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർഥികൾ മൂന്നു ദിവസത്തെ കലാമേളയിൽ പങ്കെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. മൂന്നു മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർഥികളെ നാലു കാറ്റഗറികളാക്കി തിരിച്ചാണ് മത്സരം. 55 സ്റ്റേജുകളിലായാണ് മത്സരം നടക്കുക. 150 പേർ മത്സരങ്ങളുടെ വിധികർത്താക്കളാകും.
മത്സരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനായി ജില്ലയിൽ ആദ്യമായി ആതിഥേയ സ്കൂളായ സെന്റ് റാഫേൽസിലെ വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നില്ല എന്നതും പ്രത്യേകതയാണ്. മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന വിദ്യാർഥികൾ നവംബർ 24 മുതൽ എറണാകുളം വാഴക്കുളത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തോടനുബന്ധിച്ച് പുസ്തകമേള, ഭക്ഷ്യമേള തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ ഉദ്ഘാടനദിനത്തിൽ ഗായകൻ മാസ്റ്റർ ആദിത്യ സുരേഷ് മുഖ്യാഥിതി ആകും.
ആദ്യദിവസം സെന്റ് റാഫേൽസിലെ കുട്ടികളുടെ ശിങ്കാരിമേളവും കുട്ടികളുടെ അമ്മമാർ പങ്കെടുക്കുന്ന മുത്തുകുട പിടിച്ചുള്ള ഘോഷയാത്രയും നടക്കും. ഇതിനുപുറമെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളോടുകൂടിയാണ് ഓരോ ദിവസത്തെയും ഉദ്ഘാടനവും സമാപന സമ്മേളനവും.
സഹോദയ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷാജി കെ. തയ്യിൽ, സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ്, കോ-ഓർഡിനേറ്റർ എം. ദിവ്യ, സ്കൂൾ പാർലമെന്റ് അംഗങ്ങളായ ഹരിഹരൻ, ഗായത്രി സുരേഷ്, സി.എസ്. അക്ഷിത, തന്മയ മനോജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സനിൽ ജോസ് സ്വാഗതം ആശംസിച്ചു.