ഭാരത് ജോഡോ പദയാത്ര നാളെ ജില്ലയിൽ
1224513
Sunday, September 25, 2022 12:44 AM IST
പാലക്കാട്: ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യവുമായി രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര നാളെ ജില്ലയിൽ പ്രവേശിക്കും. രാവിലെ 6.30ന് ഷൊർണൂർ ചെറുതുരുത്തിയിൽ വച്ചാണ് തൃശൂർ ജില്ലയിൽ നിന്ന് വരുന്ന യാത്രയ്ക്കു സ്വീകരണം നൽകുന്നത്.
രാജ്യത്തെ ഭിന്നിപ്പിച്ച് വെറുപ്പിന്റെ രാഷ്ട്രീയം ഉണ്ടാക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെയുള്ള താക്കീതാണ് യാത്രയെന്ന് സ്വാഗതസംഘം ചെയർമാൻ വി.കെ. ശ്രീകണ്ഠൻ എംപി പത്രസമ്മേളനത്തിൽ പറഞ്ഞു. വർഗീയതയ്ക്കും തീവ്രവാദത്തിനും എതിരെയുള്ള പോരാട്ടമാണ് ഈ യാത്ര. ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ അലയടിച്ചതുപോലെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് രാജ്യം അനിവാര്യമാണെന്ന തോന്നലാണ് ഇപ്പോഴുള്ളത്. നോട്ട് നിരോധനം മൂലവും കോവിഡ് മഹാമാരിക്ക് ശേഷം രാജ്യം വൻ പ്രതിസന്ധിയിലാണ് നീങ്ങുന്നത്. നരേന്ദ്ര മോദി അധികാരമേറ്റപ്പോൾ ലക്ഷങ്ങൾക്കാണ് തൊഴിൽ വാഗ്ദാനം ചെയ്തത്. എന്നാൽ ഇതൊന്നും നടപ്ലിലായില്ല. ചെറുപ്പക്കാർ തൊഴിലില്ലായ്മ മൂലം മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരും ചെറുപ്പക്കാരും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയാണ് കേന്ദ്രസർക്കാർ.
ഇതെല്ലാം മറച്ചുവയ്ക്കാനാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾക്ക് വരെ ജിഎസ്ടി ഏർപ്പെടുത്തി. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാണ്. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭിന്നിച്ച് ഭരിക്കുക എന്ന രീതിയിലപ്പുറമാണ് നരേന്ദ്രമോദി രാജ്യത്തെ ഭിന്നിപ്പിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണ് മോദി സർക്കാർ.
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു ചരിത്ര സംഭവമായി മാറുകയാണ് ഭാരത് ജോഡോ യാത്ര. പുതിയൊരു രാജ്യം കെട്ടിപ്പടുക്കാനായി കർമ നിരതരാണ് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്. ജാഥയിൽ പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും തുറന്നുകാട്ടുമെന്ന് വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
26ന് രാവിലെ ജില്ലയിൽ പ്രവേശിക്കുന്ന ജാഥ എസ് എംപി ജംഗ്ഷൻ, കുളപ്പുള്ളി വഴി പട്ടാന്പിയിൽ എത്തിച്ചേരും. 10.30 ഓടെ പട്ടാന്പിയിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് രാജപ്രസ്ഥം ഓഡിറ്റോറിയത്തിൽ അട്ടപ്പാടിയിലെ ആദിവാസികളുമായി സംവാദം നടത്തും. ആദിവാസി മൂപ്പന്മാർ, ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവർ എന്നിവരുമായിട്ടായിരിക്കും സംവാദം. ജാഥയ്ക്കൊപ്പം മുന്നൂറ് പേർ സ്ഥിരാംഗങ്ങളായി പങ്കെടുക്കുന്നുണ്ട്.
ജില്ലയിൽ നിന്ന് 25,000 പേരാണ് യാത്രയിൽ പങ്കാളികളാകുക. രാവിലെ 6.30ന് പാലക്കാട്, മലന്പുഴ, തരൂർ, ഒറ്റപ്പാലം മേഖലകളിൽ നിന്നുള്ളവർ ഷൊർണൂർ എസ്എംപി ജംഗ്ഷനിലെത്തി യാത്രയിൽ പങ്കുചേരും. ഉച്ചയ്ക്കുശേഷം അട്ടപ്പാടി, മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, നെന്മാറ, ചെർപ്പുളശേരി, ചിറ്റൂർ, തൃത്താല മേഖലകളിലുള്ളവർ മൂന്നു മണിയോടെ പട്ടാന്പിയിലെത്തി യാത്രയിൽ പങ്കെടുക്കും. വൈകീട്ട് ഏഴു മണിയോടെ പൊതുസമ്മേളനത്തെ രാഹുൽഗാന്ധി അഭിസംബോധന ചെയ്യും. രാവിലെ 11 മണിമുതൽ നാലു മണിവരെയാണ് 25 കിലോമീറ്റർ ദൂരം വരുന്ന പദയാത്ര. ചെറുതുരുത്തിയിൽ വാദ്യാഘോഷങ്ങളുടെ അകന്പടിയോടെയാണ് ജാഥയ്ക്ക് വരവേൽപ്പ് നൽകുക. യാത്രപോകുന്ന വഴികൾ തനതു രീതിയിലുള്ള കലാരൂപങ്ങളും ഒരുക്കിയിട്ടുണ്ട്.വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ എംപി, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
26ന് രാത്രി കൊപ്പത്ത് വിശ്രമിച്ച ശേഷം 27ന് രാവിലെ പുലാമന്തോൾ വഴി യാത്ര മലപ്പുറം ജില്ലയിലേക്കു പ്രവേശിക്കും.പത്രസമ്മേളനത്തിൽ പദയാത്ര ജില്ലാ കോ-ഓർഡിനേറ്റർ സി.വി. ബാലചന്ദ്രൻ, ജനറൽ കണ്വീനർ എ. തങ്കപ്പൻ, വൈസ് ചെയർമാൻ സി. ചന്ദ്രൻ, പട്ടാന്പി നിയോജക മണ്ഡലം സ്വാഗതസംഘം ചെയർമാൻ കെഎസ്ബിഎ തങ്ങൾ എന്നിവരും പങ്കെടുത്തു.