അന്താരാഷ്ട്ര അൽഷിമേഴ്സ് ദിനത്തിൽ കോയന്പത്തൂരിൽ വാക്കത്തോണ്‍
1223848
Friday, September 23, 2022 12:33 AM IST
കോയന്പത്തൂർ : ആര്യവൈദ്യശാല കോട്ടയ്ക്കൽ കോയന്പത്തൂർ ശാഖയും വേൾഡ് മലയാളി കൗണ്‍സിൽ കോയന്പത്തൂർ പ്രൊവിൻസും സംയുക്തമായി അന്താരാഷ്ട്ര അൽഷിമേഴ്സ് ദിനമായ സെപ്തംബർ 21ന് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നടത്തിയ വാക്കത്തോണ്‍ കോയന്പത്തൂർ മെഡിക്കൽ കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഇന്ദിരാ പ്രാണേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
ഗാന്ധിപുരം ജിപി സിഗ്നലിൽ നിന്നും ആരംഭിച്ച് ശിവാന്ദാകോളനി വഴി 100 അടി റോഡിലെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ബ്രാഞ്ച് പരിസരത്തു സമാപിച്ച വാക്കത്തോണിൽ കോയന്പത്തൂരിലെ വിവിധ സംഘടനാ പ്രതിനിധികളടക്കം എഴുപതിലധികം പേർ പങ്കെടുത്തു.
തുടർന്നു നടന്ന ചടങ്ങിൽ കോട്ടയ്ക്കൽ ബ്രാഞ്ച് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വത്സലാ വാരിയർ അൽഷിമേഴ്സിനെ കുറിച്ചും ഈ ദിനാചരണത്തിന്റെ സാമൂഹ്യ പ്രസക്തിയെ കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി.
അടുത്ത കാലത്തായി മുതിർന്ന പൗരന്മാരിൽ ഗണ്യമായ ശതമാനം പേർക്കും ബാധിക്കുന്ന അൽഷിമേഴ്സ് രോഗം അടുത്ത ബന്ധുക്കൾ പോലും അവഗണിക്കുകയോ അല്ലെങ്കിൽ തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയോ ചെയ്യുന്നുണ്ടെന്നും അതിലൂടെ രോഗികൾ മറവിരോഗം പോലെ വളരെ ദയനീയമായ അവസ്ഥയിലേക്കു നയിക്കപ്പെടുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
ആ നിലയ്ക്ക് പൊതുജനങ്ങളിൽ ഈ രോഗത്തെ കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്.
നല്ല ഭക്ഷണം, ശരിയായ വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കുക, അനാവശ്യമായി മരുന്നുകൾ കഴിക്കാതിരിക്കുക തുടങ്ങിയവ ഈ അസുഖം വരാതെ ശ്രദ്ധിക്കാൻ ശീലിക്കാവുന്നതാണ്.
വേൾഡ് മലയാളി കൗണ്‍സിൽ കോയന്പത്തൂർ പ്രൊവിൻസ് സെക്രട്ടറി ഡോ. രാധാകൃഷ്ണൻ, ചെയർമാൻ പത്മകുമാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പ്രസിഡന്റ് ഡോ. രാജേഷ് കുമാർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.വി. ബൈജു എന്നിവർ പങ്കെടുത്തു സംസാരിച്ചു.