പാലക്കാട് : അട്ടപ്പാടി ആദിവാസി ഉൗരുകളിലെ കുട്ടികളിലുള്ള ആരോഗ്യ പ്രശ്നങ്ങൾ, ലഹരി ഉപയോഗം, പോഷകാഹാരക്കുറവ്, ശിശുമരണം, ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ കണ്ടെത്തി പരിശോധിക്കുന്നതിന് മലബാർ കാൻസർ സെന്ററുമായി സംയോജിച്ച് പ്രവർത്തിക്കാൻ ബാലാവകാശ കമ്മീഷൻ പ്രവർത്തന പദ്ധതി.
അട്ടപ്പാടി ട്രൈബൽ ഓഫീസർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി ബാലാവകാശ കമ്മീഷന്റെ മേൽനോട്ടത്തിൽ പദ്ധതി പ്രവർത്തനങ്ങൾ അടുത്ത ദിവസം മുതൽ ആരംഭിക്കുമെന്ന് കമ്മീഷൻ ചെയർമാൻ കെ.വി മനോജ്കുമാർ പറഞ്ഞു.
ആദിവാസി മേഖലകളിലെ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് അഗളി കില സെന്ററിൽ ബാലാവകാശ കമ്മീഷനും മലബാർ കാൻസർ സെന്ററും സംയുക്തമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിൽ മലബാർ കാൻസർ സെന്റർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ബാലാവകാശ കമ്മീഷൻ പൂർണ്ണ പിന്തുണ നൽകും. കാൻസർ സെന്ററിന്റെ അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ മികച്ച രീതിയിലാക്കുന്നതിന് ഓരോ കർത്തവ്യ വാഹകരും പ്രവർത്തിക്കണം. ഇതിൽ ഒരു തടസ്സവും അനുവദിക്കില്ലെന്നും കമ്മീഷൻ പറഞ്ഞു. കർത്തവ്യ വാഹകൻമാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബാലാവകാശ കമ്മീഷൻ ഇടപെടും.
കുട്ടികൾ സുരക്ഷിതരും സംരക്ഷിതരും ആയിരിക്കുക എന്നതാണ് കമ്മീഷന്റെ ആത്യന്തിക ലക്ഷ്യം.
ശിശു സംരക്ഷണ പ്രവർത്തനങ്ങളിൽ കർത്തവ്യ വാഹക·ാർ ഉൾപ്പെടുന്ന വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും ടാസ്ക് ഫോഴ്സായ പ്രവർത്തനമാണ് ആവശ്യമെന്നും കമ്മീഷൻ ചെയർപേഴ്സണ് കെ.വി മനോജ്കുമാർ പറഞ്ഞു.
ആദിവാസി സമൂഹത്തെ മനസ്സിലാക്കി അവരുമായി ഇണങ്ങിച്ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ പ്രദേശത്തെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും കഴിയൂ എന്ന് മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. സതീഷ് ബാലസുബ്രഹ്മണ്യൻ പദ്ധതി വിശദീകരിച്ച് പറഞ്ഞു.
തിരഞ്ഞെടുക്കപ്പെടുന്ന ആദിവാസി വിഭാഗങ്ങൾക്ക് പരിശീലനം നൽകി അവരിലൂടെ പ്രദേശത്തെ പ്രശ്നങ്ങൾ കണ്ടെത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുകയില ഉപയോഗം കാൻസറിന്റെ വലിയ കാരണമാണ്.
കുട്ടികളിലെ പുകയില ഉപയോഗം തടയുന്നതിന് അവരുടെ കുടുംബങ്ങളിൽ ഇടപെട്ട് അവിടെനിന്ന് നിയന്ത്രണം ആരംഭിക്കും. കാൻസർ ആരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായി അധ്യാപകർ, എൻ.സി.സികാർക്ക് പരിശീലനം നൽകി ആദിവാസി സമൂഹങ്ങൾക്കിടയിൽ ബോധവത്ക്കരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബാലാവകാശ കർത്തവ്യ വാഹകർക്ക് ആദിവാസി മേഖല നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് ഡോ.ഫിൻസ്, ഡോ. ഗീത എന്നിവർ ക്ലാസെടുത്തു. ജെ.ജെ, ആർടിഇ, പോക്സോ നിയമങ്ങളുമായി ബന്ധപ്പെട്ട് സെപ്തംബറിൽ നടന്ന കർത്തവ്യവാഹകരുടെ യോഗത്തിന്റ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടിയും പുരോഗതിയും കമ്മീഷൻ വിലയിരുത്തി.
അഗളി കില സെന്ററിൽ നടന്ന യോഗത്തിൽ കമ്മീഷൻ അംഗം വിജയകുമാർ, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ മോഹനൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എസ്.ശുഭ, ശിശു സംരക്ഷണ ഓഫീസ് ജീവനക്കാരായ ജെൻസണ് ചെറിയാൻ, അനസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ്, പോലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, എസ്.സി, എസ്.ടി, സാമൂഹ്യ നീതി, ചൈൽഡ് ലൈൻ, ലേബർ വകുപ്പ്, കുടുംബശ്രീ, എൻ.ജി.ഒ പ്രതിനിധികൾ പങ്കെടുത്തു.