കോട്ടോപ്പാടം: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വർഷത്തെ കരട് പദ്ധതി തയാറാക്കുന്നതിനായി കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് റഫീന റഷീദ് അധ്യക്ഷയായി. ആസൂത്രണ സമിതി വൈസ് ചെയർമാൻ കല്ലടി അബൂബക്കർ പദ്ധതി വിശദീകരണം നടത്തി. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ബഡ്സ് സ്കൂൾ, റേഷൻ കാർഡിന്റെ അഭാവത്തിൽ ലൈഫ് ഭവന പദ്ധതി ആനുകൂല്യം നിഷേധിക്കപ്പെട്ട ഭവനരഹിത കുടുംബങ്ങൾക്ക് ഹൗസിംഗ് ബോർഡ് മുഖേന പ്രത്യേക പാർപ്പിട പദ്ധതി, കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് കെയർ, ഗ്രാമീണ റോഡുകളുടെ നവീകരണം, കുടിവെള്ളമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ നടപ്പാക്കുന്നതിന് മുൻഗണന നൽകിയാണ് കരട് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, കുടുംബശ്രീ, ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യനീതി, വനിതാ ശിശുവികസനം, പൊതുമരാമത്ത്, പട്ടികജാതി പട്ടികവർഗ വികസനം, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, യുവജനകാര്യം, ജൈവ വൈവിധ്യം, പരിസ്ഥിതി, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിലായി ഗ്രൂപ്പുതല ചർച്ചകൾ നടന്നു.